കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം ; കര്‍ശന നടപടിയെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ ശക്തമായ നടപടികളെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. അക്രമത്തിനിരയായവരുമായി സംസാരിച്ചുവെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിന്‍ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഉടന്‍ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലട സുരേഷ് ബസിന്റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് അറിയിച്ചിരുന്നു.

Top