സഭയുടെ സര്‍ക്കുലര്‍, സംസ്ഥാനത്ത് രണ്ട് കൊല്ലത്തിനിടയില്‍ ലൗ ജിഹാദ് ഉണ്ടായിട്ടില്ല; ഡിജിപി

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കൊല്ലത്തിനിടയില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ, വന്‍ തോതില്‍ ലൗ ജിഹാദിലൂടെ മതം മാറ്റുന്നുണ്ടെന്ന സിറോ മലബാര്‍ സഭയുടെ ആരോപണത്തിന് പ്രതികരിക്കുകയായിരുന്നു ഡിജിപി. അതേസമയം സഭയുടെ ആരോപണം പരിശോധിക്കുമെന്നും ബഹ്‌റ പറഞ്ഞു.

സഭ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം റിപ്പോര്‍ട്ട് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ കമ്മീഷന്‍ നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകുമെന്നും അറിയിച്ചു.

‘കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.’ എന്നായിരുന്നു സര്‍ക്കുലറിലെ ആരോപണം.

Top