കൂടത്തായി ഏറെ വെല്ലുവിളി നിറഞ്ഞ കേസ്; അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന്…

തിരുവനന്തപുരം: കൂടത്തായി കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കേസാണിത്. കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. എസ്.പി.കെ.ജി.സൈമണുമായി ഇക്കാര്യംചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഫോറന്‍സിക് തെളിവുകളാണ് വെല്ലുവിളിയാകുന്നത്. ആറ് പേരും മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിന് കാലതാമസം വരുമെന്നുള്ളതാണ് പ്രധാന പ്രശ്നം. എന്നാല്‍ അന്വേഷണം ഇപ്പോള്‍ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഡിജിപി പറഞ്ഞു.

പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കോടതിയില്‍ അപേക്ഷ നല്‍കി പ്രതിയെ പതിനഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും. റോയി കൊല്ലപ്പെട്ട സംഭവത്തിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കി കേസുകളും തെളിയേണ്ടതുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

കൊലപാതക പരമ്പരയില്‍ മുഖ്യ പ്രതി ജോളി പിടിയിലായെങ്കിലും അന്വേഷണ സംഘത്തിന് മുന്നില്‍ ഇനിയും വെല്ലുവിളി ഏറെയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതകങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന പ്രശ്‌നം. പൊട്ടാസ്യം സയനൈഡിന്റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷേ പരിമിതികള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.

കൊലപാതകത്തിന് സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവ് കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളിയാണ്. സയനൈഡിന്റെ തെളിവുകള്‍ കണ്ടെത്തുക സാധ്യമാണെങ്കിലുംഏറെശ്രമകരവുമാണെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതുനായിവിദേശ ലാബുകളുടെ സഹായതേടുന്നുണ്ടെങ്കിലും സാഹചര്യതെളിവുകള്‍ ഇനിയും ശേഖരിക്കാന്‍ കഴിഞ്ഞാല്‍ കേസ് ശക്തമാകുമെന്നും ഡിജിപി വ്യക്തമാക്കി.

കേസില്‍ ഒന്നിലധികം എഫ്‌ഐആറുകള്‍ ഇടുന്നതിനെ കുറിച്ച് പരിശോധിക്കുമെന്നുംലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.ഓരോ കേസിലും പ്രത്യേകം എഫ്‌ഐആറുകള്‍ ഇടുകയാണ് ഉത്തമമെന്നുംകേസിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സൂചനയും ബെഹ്‌റ നല്‍കി.

Top