ഹെല്‍മറ്റ് വേട്ടയിൽ നടപടി; പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: കൊല്ലം കടയ്ക്കല്ലില്‍ ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.

പൊലീസിന്റേയോ സര്‍ക്കാരിന്റേയോ നയമല്ല ഈ രീതിയിലുള്ള പരിശോധനയെന്ന് ഡിജിപി പറഞ്ഞു. ഏറെ ദുഖിപ്പിച്ച സംഭവമാണിത്. ഇനി തൊട്ട് ഇത്തരം പരിശോധനകള്‍ ആവര്‍ത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിക്ക് മാത്രമായിരിക്കും. ഇതു സംബന്ധിച്ചുള്ള കര്‍ശന നിര്‍ദേശം എസ്പിമാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിന്റെ ലാത്തിയേറില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന കാറിലിടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ സിദ്ധിഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലാത്തിയെറിഞ്ഞ പൊലീസുകാരന്‍ ചന്ദ്രമോഹനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വാഹന പരിശോധന സംഘത്തില്‍ ഉണ്ടായിരുന്ന പൊലീസുകാരെ സ്ഥലം മാറ്റുമെന്നും എസ്പി വ്യക്തമാക്കി. എഡിജിപി ഷേഖ് ദര്‍വേസ് സാഹിബ് സംഭവം അന്വേഷിക്കും. റോഡില്‍ പരിക്കേറ്റ് കിടന്നിട്ടും സിദ്ധിഖിനെ പൊലീസ് ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്ന് സിദ്ധിഖിന്റെ പിതാവ് പറയുന്നു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പാരിപ്പള്ളി- മടത്തറ റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു.

Top