ലോക്ക് ഡൗണ്‍;അവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം നിയന്ത്രണാധീതമായതോടെ സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. പച്ചക്കറി, പലചരക്ക് മെഡിക്കല്‍ സ്റ്റോര്‍, ടെലികോം ജീവനക്കാര്‍ തുടങ്ങി അത്യാവശ്യം പുറത്തിറങ്ങേണ്ടവര്‍ക്ക് കേരളം മുഴുവന്‍ പാസ് നല്‍കുമെന്നാണ് ഡിജിപി അറിയിച്ചിരിക്കുന്നത്.

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാസുകള്‍ ജില്ലാ പോലീസ് മേധാവികള്‍ നല്‍കും. അതേസമയം മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് വിലക്കില്ലെന്നും ഡിജിപി അറിയിച്ചു.

മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡിജിപി പറഞ്ഞു.

ടാക്സി, ഓട്ടോ എന്നിവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും. അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാന്‍ മാത്രമേ ഇത് ഉപയോഗിക്കാനാകുവെന്നും ഡിജിപി വ്യക്തമാക്കി.

Top