വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടി വരിക പൊലീസായിരിക്കുമെന്ന് ഡി.ജി.പി

dgp

തിരുവനന്തപുരം: വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടി വരിക പൊലീസായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ മുന്നറിയിപ്പ്. വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക് സമ്മര്‍ദ്ദത്തിന് വഴങ്ങി അവസരം നല്‍കരുതെന്നും ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

വിദഗ്ധരായ തൊഴിലാളികളെയേ കരിമരുന്ന് പ്രകടനം നടത്താന്‍ അനുവദിക്കാവൂ. കാണികളെ നിയന്ത്രിക്കാനും പൊലീസിന് കഴിയണം. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാല്‍ റാങ്ക് ഏതെന്ന് നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സാധാരണ വെടിക്കെട്ട് അപകടം ഉണ്ടാകുമ്പോള്‍ ജില്ലാ ഭരണകൂടത്തില്‍ പഴിചാരി രക്ഷപെടുകയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുക. സ്ഥലത്തെ ക്രമസമാധാന പ്രശ്‌നം നോക്കുക മാത്രമാണ് ഞങ്ങളുടെ ജോലിയെന്ന നിലപാടും സ്വീകരിക്കും. ഇത് മുന്നില്‍കണ്ടാണ് ഉത്സവകാലം എത്തിയതോടെ വെടിക്കെട്ടിനുള്ള അനുമതി സംബന്ധിച്ച് പോലീസ് സ്വീകരിക്കേണ്ട കര്‍ശന നിലപാടുകള്‍ വ്യക്തമാക്കി ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്. ജില്ലാ കളക്ടര്‍ നല്‍കുന്ന അനുമതിക്ക് പുറമെ വെടിക്കെട്ട് സംബന്ധിച്ച് പോലീസിനും നിര്‍ണ്ണായകമായ ഉത്തരവാദിത്തങ്ങളുണ്ടന്ന് പറയുന്നു.

സംഘാടകരുടേയോ, രാഷ്ട്രീയക്കാരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വെടിക്കെട്ടിന് അനുമതി നല്‍കരുത്. ഇടുങ്ങിയ ഇടങ്ങളില്‍ വെടിക്കെട്ട് നടത്താന്‍ അനുവദിക്കരുത്. സാംപിളുകള്‍ നേരത്തെ ശേഖരിച്ച് എറണാകുളത്തെ റീജ്യണല്‍ കെമിക്കല്‍ ലാബില്‍ പരിശോധന നടത്തി പൊട്ടാസ്യം ക്ലോറേറ്റ് പോലെ മാരക പ്രഹരശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റെ അംഗീകാരം നേടിയ സ്‌ഫോടക വസ്തുക്കളേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ട്.

Top