ശബരിമല ദര്‍ശനത്തില്‍ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി

kadakampally-surendran

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തില്‍ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പൊലീസിന്റെ സംരക്ഷണം വേണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഭക്തജനങ്ങളുടെ പ്രതിഷേധം ഉണ്ടാവുമെന്നത് മുന്‍കൂട്ടി കണ്ട് സംരക്ഷണം നല്‍കുകയായിരുന്നു. അവര്‍ തിരിച്ച് പോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. യുവതികളുടെ ജീവന്‍ രക്ഷിക്കാനുള്ള ചുമതല പൊലീസിനുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭക്തജനങ്ങള്‍ പ്രകോപിതരാണ്. അതുകൊണ്ട് അങ്ങോട്ടേയ്ക്കുള്ള യാത്ര നല്ലതല്ലെന്ന് പൊലീസ് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ശബരിമല ദര്‍ശനത്തില്‍ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരും

അവിടെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാല്‍ അത് നിരപരാധികളും നിഷ്‌കളങ്കരുമായ ഭക്തരെ ബാധിക്കും. അതുകൊണ്ടാണ് പൊലീസ് അത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയെ കുറിച്ച് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ എത്ര കക്കൂസ് ഉണ്ടെന്നുള്ള അന്വേഷണത്തിനല്ല ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. സത്രീ പ്രവേശനമടക്കം അവിടെ ഉയര്‍ന്ന് വന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് നിരീക്ഷക സമിതിയെ നിയോഗിച്ചിട്ടുള്ളത്.

സാധാരണക്കാരായിട്ടുള്ള ആളുകള്‍ അല്ല സമിതിയില്‍ ഉള്ളത്. രണ്ട് സമുന്നതരായ മുതിര്‍ന്ന ജഡ്ജിമാരും ഐപിഎസ് ഓഫീസറുമാണ്. അവര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്‍കണം. മറ്റുള്ള കാര്യങ്ങള്‍ക്ക് അവിടെ മറ്റൊരു സമിതി ഉണ്ട്. എല്ലാ ദിവസവും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നുമുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Top