തകര്‍ത്തടിച്ച് ഡെവാള്‍ഡ് ബ്രെവിസ്; തിരിച്ചുവരവില്‍ തിളങ്ങി ആര്‍ച്ചര്‍

കേപ്‌ടൗണ്‍: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തിളങ്ങിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടി20 ചാംപ്യൻഷിപ്പിൽ എം ഐ കേപ്ടൗണിന് തകര്‍പ്പന്‍ ജയം. പാള്‍ റോയല്‍സിനെ എട്ടു വിക്കറ്റിനാണ് എം ഐ കേപ്‌ടൗണ്‍ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത പാള്‍ റോയല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തപ്പോള്‍ എം ഐ കേപ്‌ടൗണ്‍ 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 41 പന്തില്‍ പുറത്താകാതെ 70 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് എം ഐ കേപ്‌ടൗണിന് അനായാസ ജയമൊരുക്കിയത്.

പാള്‍ റോയല്‍സിനായി 42 പന്തില്‍ 51 റണ്‍സെുത്ത ജോസ് ബട്‌ലറും 31 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് മില്ലറും മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയുള്ളു. മറുപടി ബാറ്റിംഗില്‍ ബ്രെവിസ് അഞ്ച് സിക്സും നാലു ഫോറും പറത്തിയാണ് 41 പന്തില്‍ 70 റണ്‍സടിച്ചത്. റിയാന്‍ റിക്കിള്‍ടണ്‍ 33 പന്തില്‍ 42 റണ്‍സടിച്ചു.

നേരത്തെ എം ഐ കേപ് ടൗണിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ജോഫ്രാ ആർച്ചർ തിരിച്ചുവരവിലെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് വരവറിയിച്ചത്. റോയല്‍സ് ഓപ്പണര്‍ വിഹാന്‍ ലൂബ്ബിനെ പുറത്താക്കിയ ആർച്ചർ മത്സരത്തില്‍ നാലോവറിൽ 27 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

27കാരനായ ആർച്ചർ 2021 മാര്‍ച്ചില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലാണ് അവസാനമായി പന്തെറിഞ്ഞത്. പരിക്കില്‍ നിന്ന് മോചിതനായില്ലെങ്കിലും കഴിഞ്ഞ സീസണില്‍ ഐപിഎൽ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യൻസ് ജോഫ്രാ ആ‌ർച്ചറെ സ്വന്തമാക്കിയിരുന്നു.

Top