നാളെ മുതല്‍ ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല: ദേവസ്വം മന്ത്രി

kadakampally-surendran

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഗുരുവായൂര്‍ ഭരണസമിതി എടുത്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ അത് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം, നാളെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങള്‍ നടത്താം.

കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെ ഭരണസമിതികള്‍ക്കും ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് യുക്തമായ തീരുമാനം എടുക്കാം. ഗുരുവായൂരില്‍ ചട്ടങ്ങളെല്ലാം പാലിച്ചാണ് ദര്‍ശനം ഒരുക്കിയത്. എന്നാല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ആശങ്കകള്‍ ഉള്ളതിന്റെ പേരിലാണ് ഭരണസമിതി ഇങ്ങനെയൊരു തീരുമാനമെടുത്തത്.

നാളെകഴിഞ്ഞ് നിശ്ചയിച്ച വിവാഹങ്ങളുടെ കാര്യത്തില്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹ നടത്താനാകില്ലെന്ന് ബന്ധപ്പെട്ടവരെ ഇമെയില്‍ മുഖാന്തരവും ടെലഫോണ്‍ മുഖാന്തരവും അറിയിച്ചിട്ടുണ്ട്. അതേസമയം നേരത്തേ കോവിഡ് കാലത്ത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്ന എല്ലാകാര്യങ്ങളും ക്ഷേത്രത്തില്‍ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top