ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു; തിരക്ക് നിയന്ത്രനത്തിനായുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. മരക്കൂട്ടത്തും ശരംകുത്തിയിലും തീര്‍ത്ഥാടകര്‍ വരിനിന്ന് സഹികെട്ടു. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട അടിയന്തര നടപടികളെക്കുറിച്ച് ചര്‍ച്ച ഇന്നും തുടരും. ശബരിമലയിലെ ദര്‍ശന സമയം കൂട്ടുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയില്‍ നിലവില്‍ ദിവസവും ദര്‍ശനം നടത്തുന്ന ഭക്തരുടെ എണ്ണം 80,000 മുതല്‍ 90,000 വരെയാകുന്ന പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ സ്പെഷ്യല്‍ കമ്മിഷന്‍ സന്നിധാനത്ത് തുടരാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ശബരിമല അപ്പാച്ചിമേട്ടില്‍ ഇന്നലെ പത്തുവയസുകാരി കുഴഞ്ഞ് വീണ് മരിച്ചിരുന്നു.

തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. പമ്പയില്‍ നിന്ന് ഉച്ചയോടുകൂടിയാണ് പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം മലചവിട്ടാന്‍ ആരംഭിച്ചത്. അപ്പാച്ചിമേട്ടിലെത്തിയപ്പോള്‍ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയ്ക്ക് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പമ്പാ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Top