മുട്ടുമടക്കിയില്ല, സബ് കളക്ടറെ തെറിപ്പിച്ച് സർക്കാർ, ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തെറിപ്പിച്ചു.

എംബ്ലോയ്‌മെന്റ് ഡയറക്ടറായാണ് പുതിയ നിയമനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല.

റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐയുടെ അനുമതിയില്ലാതെയുള്ള സ്ഥലംമാറ്റം ഇടത് മുന്നണിയില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ കാരണമായിട്ടുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രീറാമിനെ സ്ഥലം മാറ്റണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ട് വരികയായിരുന്നു.

സര്‍ക്കാറിന് തിരിച്ചടിയായി മൂന്നാര്‍ ഭൂമി ഏറ്റെടുക്കലില്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച് കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി വിധി പറഞ്ഞതാണ് പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് കാരണമെന്നാണ് സൂചന.

മൂന്നാറില്‍ റിസോര്‍ട്ടുടമ കയ്യേറിയത് സര്‍ക്കാര്‍ ഭൂമിയെന്നും 22 സെന്റ് ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമാണ് ഹൈക്കോടതി നല്‍കിയിരുന്ന നിര്‍ദേശം.

നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പേടിച്ച് ജോലിമാറാനോ ഓടാനോ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടിവരുമെന്ന് ദേവികുളം ശ്രീറാം വെങ്കിട്ടരാമന്‍ തുറന്നടിച്ചിരുന്നു.

വീട്ടുകാരുടെ പേടി സ്വാഭാവികമാണ്. സ്വകാര്യജീവിതത്തെ അത് ഒരളവുവരെ ബാധിച്ചിട്ടുണ്ട്. അതിനു വേറെ പരിഹാരമൊന്നുമില്ലന്നും ശ്രീറാം പറഞ്ഞിരുന്നു.

വിവാദങ്ങള്‍ക്കില്ല എന്ന ആമുഖത്തോടെയാണ് ശ്രീറാം അഭിമുഖം തുടങ്ങിയത് തന്നെ.
മുഖം നോക്കിത്തന്നെയാണ് നടപടികള്‍ കൈക്കൊള്ളാറുള്ളതെന്നു പറയുന്ന സബ്കളക്ടര്‍ മുഖം നോക്കാതെ എങ്ങിനെയാണ് നടപടികള്‍ സ്വീകരിക്കുക എന്നും നിയമം പ്രായോഗികമായ രീതിയില്‍ നടപ്പാക്കുകയാണ് ഒരു ഉദ്യോഗസ്ഥന്റെ പ്രധാന കര്‍ത്തവ്യമെന്നും അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

ചെയ്യുന്ന നല്ല പ്രവര്‍ത്തികളിലൂടെ സമൂഹത്തില്‍ അറിയപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്. ചുറ്റുമുള്ള ആളുകള്‍ അതിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ പ്രചോദനമാണെന്നും ശ്രീറാം പറഞ്ഞു.

എടുത്ത തീരുമാനങ്ങള്‍ തെറ്റായി എന്ന് ഒരിക്കലും തോന്നിയിട്ടില്ല ചെയ്തതിനെ ഓര്‍ത്ത് ഒരിക്കലും ദഃഖിക്കേണ്ടി വന്നിട്ടില്ലന്നും സബ്കളക്ടര്‍ പറയുന്നു.

ശമ്പളമല്ല, ഇടപെടലിനുള്ള അവസരമാണ് മുഖ്യം. ഒരു ഡോക്ടര്‍ക്ക് കിട്ടുന്നതിലും കുറവ് പൈസയേ ഇപ്പോഴത്തെ ജോലിക്ക് കിട്ടുകയുള്ളൂ എന്നത് ശരിയാണ്. പക്ഷേ, അതിനേക്കാളും എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യാനാവും. ജനങ്ങളുടെ ജീവിതത്തിന്റെ കാര്യത്തിലായാലും സര്‍ക്കാരിന്റെ നയങ്ങളുടെ കാര്യത്തിലായാലുമെന്നും ശ്രീറാം വിശദീകരിക്കുന്നു.

ഒരു കാലത്ത് നന്മയ്ക്ക് വേണ്ടി നില്‍ക്കണം എന്നതിന് ഏറ്റവും വലിയ പ്രചോദനമായിരുന്നു ‘ദ കിംഗ്’ ലെ മമ്മുട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രം, ഒരു തലമുറയ്ക്ക് തന്നെ മാതൃകയാണ് അത്തരം സിനിമകളെന്നും മമ്മൂക്ക ഫാന്‍ കൂടിയായ ശ്രീറാം വ്യക്തമാക്കിയിരുന്നു.

ശ്രീറാമിന്റെ സ്ഥലം മാറ്റത്തോടെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രണ്ട് ശക്തരായ സബ് കളക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. കൊച്ചിയിലെ ഭൂമി കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിച്ച ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ഡോ.അഥീല അബ്ദുള്ളയെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു.

Top