ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതി രജിസ്ട്രി പരിശോധിക്കും

ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ രജിസ്റ്ററുകള്‍ കൈമാറിയില്ലെന്ന ആരോപണത്തെ സംബന്ധിച്ച് സുപ്രീം കോടതി രജിസ്ട്രി പരിശോധിക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് കേസില്‍ നിര്‍ണായകമായ സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റര്‍, സംസ്‌കാര രജിസ്റ്റര്‍, കുടുംബ രജിസ്റ്റര്‍ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്നാണ് ഹര്‍ജിക്കാരനായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാറിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനല്‍ കൈമാറാന്‍ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ മൂന്ന് രേഖകളും കൈമാറാത്തതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡി. കുമാറിന്റെ അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, സുപ്രീം കോടതി രജിസ്ട്രി പുറത്തിറക്കിയ ഓഫീസ് ഓര്‍ഡറില്‍ എല്ലാ രേഖകളും ഹൈക്കോടതി കൈമാറിയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് എതിര്‍ കക്ഷിയായ എ. രാജയുടെ അഭിഭാഷകന്‍ ജി. പ്രകാശും വാദിച്ചു. തുടര്‍ന്നാണ് ഇക്കാര്യം സുപ്രീം കോടതി രജിസ്ട്രി പരിശോധിക്കുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയത്. കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കുമ്പോള്‍ സുപ്രീം കോടതി രജിസ്ട്രി ഇക്കാര്യത്തില്‍ കോടതിയിലറിയിക്കുന്ന നിലപാടാകും കേസില്‍ നിര്‍ണായമാകുക.

Top