മീ ടൂ; മുകേഷ് തന്നോട് കള്ളം പറയില്ലെന്ന് മേതില്‍ ദേവിക

മീ ടൂവില്‍ നടന്‍ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക. ഇക്കാര്യം മുകേഷുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഓര്‍മ്മയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മുകേഷ് തന്നോട് കള്ളം പറയില്ലെന്നും മേതില്‍ പറഞ്ഞു.

‘ഒരു വ്യക്തിയെന്ന നിലയില്‍ മീ ടൂ ക്യാമ്പയിന്‍ മികച്ച അവസരമാണ്. സ്ത്രീകള്‍ക്ക് തുറന്നു സംസാരിക്കാന്‍ അവസരം നല്‍കുന്ന മീ ടൂ ക്യാമ്പയിനെ വ്യക്തിപരമായി ഞാന്‍ പിന്തുണയ്ക്കുന്നുണ്ട്. മുകേഷേട്ടനുമായി സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മ്മയിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം.

പലപ്പോഴും ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ താനാണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും താനാണ് ആ മെസേജുകള്‍ക്ക് മറുപടി അയയ്ക്കാറുള്ളത്.ഒരു ഭാര്യ എന്ന നിലയില്‍ അത്തരം സന്ദേശങ്ങളെ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്റ് ആയേ കാണാന്‍ കഴിയൂ. അങ്ങനെയുള്ള സ്ത്രീകള്‍ക്കെതിരെ ക്യാമ്പയിന്‍ ഒന്നുമില്ലേയെന്നാണ് എന്റെ ചോദ്യം’ ദേവിക പറഞ്ഞു.

ട്വിറ്ററിലൂടെയാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

Top