തിരിച്ചുവരും; ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഉര്‍ദ്ദു കവിത കൊണ്ട് ഉദ്ദേശിച്ചത്!

ഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് ട്വിറ്ററില്‍ ഉര്‍ദ്ദു കവിതയുടെ വരികള്‍ പോസ്റ്റ് ചെയ്ത് അറിയിച്ചത് ഒരു തിരിച്ചുവരവിന്റെ സൂചന. താന്‍ തിരിച്ചുവരുമെന്നാണ് ഉര്‍ദ്ദു കവിതയിലെ ഈരടികളിലൂടെ അമൃത വ്യക്തമാക്കിയത്. ‘പുതിയ നറുമണവുമായി ഞാന്‍ തിരിച്ചുവരും, കാലാവസ്ഥ ഒരല്‍പ്പം മാറട്ടെ’, എന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ എടുത്ത് ഉപയോഗിച്ച കവിത.

ഇതോടൊപ്പം യാത്ര പറഞ്ഞുള്ള ഒരു കുറിപ്പും അമൃത പങ്കുവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് 5 വര്‍ഷത്തെ യാത്രയില്‍ അവിസ്മരണീയ വര്‍ഷങ്ങള്‍ സമ്മാനിച്ചതിന് അവര്‍ നന്ദി പറഞ്ഞു. ‘5 വര്‍ഷത്തേക്ക് നിങ്ങളുടെ വാഹിനിയായി തെരഞ്ഞെടുത്ത മഹാരാഷ്ട്രയ്ക്ക് നന്ദി. നിങ്ങള്‍ സമ്മാനിച്ച സ്‌നേഹം എന്നും മനസ്സിലുണ്ടാകും. എന്റെ കഴിവിനൊത്ത് പോസിറ്റീവായി സേവിക്കാനാണ് ശ്രമിച്ചത്’, അമൃത ഫഡ്‌നാവിസ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അമൃതയുടെ ഭര്‍ത്താവ് ഫഡ്‌നാവിസിന്റെ പ്രചരണവാക്യമായിരുന്നു ‘ഞാന്‍ തിരിച്ചുവരുമെന്നത്’. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നത് എളുപ്പമല്ലാത്ത ഘട്ടം വന്നു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് 80 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് ഫഡ്‌നാവിസ് രാജിവെയ്‌ക്കേണ്ടിയും വന്നു. ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ രാജിവെച്ചതോടെയാണ് ഇത്. ബിജെപിയുടെ മുന്‍ സഖ്യകക്ഷി ശിവസേന ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്താന്‍ ഇതോടെ വഴിയൊരുങ്ങി. ഉദ്ധവ് താക്കറെയാണ് ത്രികക്ഷി സഖ്യത്തിന്റെ മുഖ്യനായി സ്ഥാനമേല്‍ക്കുന്നത്.

Top