ഒറ്റക്ക് മല്‍സരിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ശിവസേനക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

Devendra Fadnavis

മുംബൈ: ഒറ്റക്ക് മല്‍സരിച്ചാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശിവസേനക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ശിവസേന ബുദ്ധിയുള്ള പാര്‍ട്ടിയാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യം മനസിലാവുമെന്നാണ് പ്രതീക്ഷയെന്നും ഫട്‌നാവിസ് അറിയിച്ചു.

കോണ്‍ഗ്രസ്സും എന്‍.സി.പിയും ഒന്നുചേര്‍ന്ന് മല്‍സരിക്കുമ്പോള്‍ അതിനെ എതിര്‍ക്കണമെങ്കില്‍ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം നില നില്‍ക്കണം. അല്ലെങ്കില്‍ ഇരുപാര്‍ട്ടികള്‍ക്കും അത് ഗുണകരമാവില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.

ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് ശിവസേന കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെയും ശിവസേന രംഗത്ത് വന്നിരുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍ ഇത്തരമൊരു നീക്കത്തിന് ധൈര്യപ്പെടുമായിരുന്നോ എന്നായിരുന്നു ശിവസേനയുടെ വിമര്‍ശനം.

Top