ദേവേന്ദ്ര ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് ബിജെപി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി ബിജെപി തെരഞ്ഞെടുത്തു. ശിവസേനയുടെ പിന്തുണയില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ ഇത്ര വലിയ ജയം ബിജെപിക്ക് കിട്ടില്ലായിരുന്നു എന്ന് ഫഡ്‌നാവിസ് പറഞ്ഞു.

ബിജെപി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കില്‍ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്ന് ഫഡ്നാവിസ് പ്രതികരിച്ചു. അക്കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച സൗത്ത് മുംബൈയിലെ വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി. എം.എല്‍.എമാരായി വിജയിച്ച 105 പേരും പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎല്‍എമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹകരിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷത്തേക്ക് തങ്ങള്‍ക്കുവേണമെന്ന ശിവ്‌സേനയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായത്.ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും വേണ്ടെന്നാണ് പാര്‍ട്ടിയിലെ തീരുമാനം. എന്നാല്‍ അങ്ങനെയൊരു ഉറപ്പ് ശിവസേനയ്ക്ക് നല്‍കിയിട്ടില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

Top