മഹാരാഷ്ട്രയുടെ സേവകന്‍; പ്രതിസന്ധിക്കിടെ ട്വിറ്ററില്‍ പേര് മാറ്റി ദേവേന്ദ്ര ഫഡ്‌നാവിസ്

Devendra Fadnavis

ഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററില്‍ പേര് തിരുത്തി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പാര്‍ട്ടികളും, സഖ്യങ്ങളും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. ഇതിന് പിന്നാലെ മഹാരാഷ്ട്രയുടെ സേവകന്‍ എന്നാണ് ഫഡ്‌നാവിസ് പേര് മാറ്റിയത്.

നവംബര്‍ 8ന് മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ച ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്റര്‍ ബയോയില്‍ കെയര്‍ടേക്കര്‍ മുഖ്യമന്ത്രി എന്ന് കുറിച്ചിരുന്നു. രാഷ്ട്രീയ സഖ്യങ്ങള്‍ പ്രതിബന്ധങ്ങള്‍ നേരിട്ടതോടെ ബിജെപിയും, ശിവസേനയും പരസ്പരം പഴിചാരി വരികയാണ്. മുഖ്യമന്ത്രി പദം പങ്കിടാമെന്ന വാഗ്ദാനം ബിജെപി പാലിച്ചില്ലെന്നാണ് ഉദ്ധവ് താക്കറെയുടെ ശിവസേന പരാതിപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യം വാക്കുനല്‍കിയെന്നാണ് താക്കറെ ആരോപിക്കുന്നത്.

എന്നാല്‍ ഇങ്ങനൊരു സംഭവം സംസാരിച്ചിട്ട് പോലുമില്ലെന്നാണ് ബിജെപി വാദിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന വാദത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുകയും ചെയ്തു. ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയെ ആണ് ഈ പദത്തിലേക്ക് അവര്‍ ഉയര്‍ത്തിക്കാണിച്ചത്. ബിജെപി ഈ വാദങ്ങള്‍ തള്ളുകയും ചെയ്തു.

അഭിപ്രായവ്യത്യാസങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീണ്ടതോടെ ശിവസേന നരേന്ദ്ര മോദി സര്‍ക്കാരില്‍ തങ്ങളുടെ ഏക മന്ത്രിയെ പിന്‍വലിച്ചു. എന്‍സിപി, കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്ന അവസ്ഥയിലേക്ക് വരെ ശിവസേന നീങ്ങുകയും ചെയ്തു.

Top