സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് പറഞ്ഞത് അജിത് പവാര്‍; ഫഡ്നാവിസിന്റെ വെളിപ്പെടുത്തല്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി വേര്, മഹാ സഖ്യം പിഴിതെറിഞ്ഞെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചില വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബിജെപി ഫണ്ട് തിരിച്ച് അയക്കാനുള്ള ഫഡ്‌നാവിന്റെ തന്ത്രമായിരുന്നു അര്‍ദ്ധ രാത്രിയിലെ മന്ത്രി സഭാ രൂപീകരണം എന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ ദേവേന്ദ്ര ഫഡ്‌നാവിസ്.

എന്‍സിപി നേതാവ് അജിത് പവാറാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്നെ സമീപിച്ചതെന്നാണ് പ്രതിപക്ഷ നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നത്.

അതേസമയം, തനിക്ക് 54 എന്‍സിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും ഫഡ്‌നാവിസ് പറഞ്ഞു. മാത്രമല്ല എന്‍സിപിയിലെ ചില എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായും അതെ കുറിച്ച് എന്‍സിപി മേധാവി ശരദ് പവാറുമായി താന്‍ ചര്‍ച്ച ചെയ്തതായി അജിത് പവാര്‍ പറഞ്ഞിരുന്നെന്നും ഫഡ്‌നാവിസ് വെളിപ്പെടുത്തി.

‘എന്‍സിപിക്ക് കോണ്‍ഗ്രസിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ല. ത്രികക്ഷി സര്‍ക്കാരിന് (ശിവസേനയും ഉള്‍പ്പെടുന്നു) ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. മത്രമല്ല ബിജെപിക്കൊപ്പം പോകാന്‍ ഞങ്ങള്‍ (എന്‍സിപി) തയ്യാറാണെന്ന് അജിത് അറിയിച്ചു’- ഫഡ്നാവിസ് പറഞ്ഞു. അതേസമയം അജിതിന്റെ അഴിമതിയുമായി ബിജെപിക്കോ തനിക്കോ യാതൊരു ബന്ധവുമില്ലെന്ന് ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലിയുള്ള പ്രതിസന്ധി നിലനില്‍ക്കുമ്പോഴായിരുന്നു നവംബര്‍ 23 ന് പുലര്‍ച്ചെ നടന്ന ചടങ്ങില്‍ ഫഡ്നാവിസും അജിത് പവാറും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തത്. 80 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ഈ അധികാരം വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെന്ന് പിന്നീട് ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

Top