മഹാവികാസ് അഘാഡി സർക്കാറിനെ താഴെയിറക്കുന്നതുവരെ വിശ്രമില്ല: ശിവസേനക്ക് മുന്നറിയിപ്പുമായി ഫഡ്നവിസ്

മുംബൈ: മാഹാരാഷ്ട്ര സർക്കാറിനെ ബാബരി മസ്ജിദിനോടുപമിച്ച് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് . മഹാരാഷ്ട്ര‌യിലെ മഹാവികാസ് അഘാഡി സർക്കാറിനെ താഴെയിറക്കുന്നതുവരെ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സർക്കാറിന് ബാബരിയുടെ അധികാര ഘടനയാണെന്നായിരുന്നു ഫഡ്നവിസിന്റെ പ്രസ്താവന. മുംബൈയിൽ പാർട്ടിയുടെ മഹാസങ്കൽപ് സഭയിൽ അദ്ദേഹം ബിജെപി പ്രവർത്തകർക്കൊപ്പം ഹനുമാൻ ചാലിസ ആലപിച്ചു.

തന്റെ മകന്റെ ഭരണകാലത്ത് ഹനുമാൻ ചാലിസ വായിക്കുന്നത് രാജ്യദ്രോഹമാണെന്നും ഔറംഗസേബിന്റെ ശവകുടീരം സന്ദർശിക്കുന്നത് നല്ല കാര്യമായിരിക്കുകയും ചെയ്യുന്ന സാഹചര്യം ബാൽ താക്കറെ എപ്പോഴെങ്കിലും ചിന്തിച്ചിരിക്കുമോ‌യെന്നും ഫഡ്‌നാവിസ് ചോദിച്ചു. കഴിഞ്ഞ ദിവസം ശിവസേന നടത്തിയ റാലിയെയും ഫഡ്നവിസ് പരിഹസിച്ചു. മാസ്റ്റർ സഭ എന്നാണ് ശിവസേന അവരുടെ റാലിയെ വിശേഷിപ്പിച്ചത്. പക്ഷേ ഞങ്ങൾ അത് കേൾക്കുമ്പോൾ, ഹാസ്യ സഭ പോലെയായിരുന്നു. ശിവസേനയുടേത് കൗരവ സഭയായിരുന്നു. ഇന്ന് ബിജെപിയുടേത് പാണ്ഡവ സഭയും – ഫഡ്നവിസ് പറഞ്ഞു.

മു​ഗൾ ചക്രവർത്തിയായിരുന്ന ഔറം​ഗസേബിന്റെ ശവകുടീരത്തിൽ സന്ദർശനം നടത്തിയ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്കെതിരെ‌യും ഫഡ്നവനിസ് വിമർശനമുന്നയിച്ചു. അസദുദ്ദീൻ ഒവൈസി ഔറംഗസേബിന്റെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ ഒവൈസീ. ഔറംഗസേബിന്റെ ശവകുടീരത്തിൽ ഒരു നായ പോലും മൂത്രമൊഴിക്കില്ലെന്ന് ഒവൈസി മനസ്സിലാക്കണമെന്നും ഹിന്ദുസ്ഥാനിൽ കാവി ഭരിക്കുമെന്നും ഫഡ്നവിസ് പറഞ്ഞു.

Top