പാറമടയ്ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് സുരക്ഷിതത്വം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന് വി.എസ്

തിരുവനന്തപുരം: തുറമുഖ പദ്ധതികള്‍ക്കായാലും മറ്റ് വികസന പദ്ധതികള്‍ക്കായാലും പുതിയ പാറമടകള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പായി ശാസ്ത്രീയതയും സുരക്ഷിതത്വവും ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതാണെന്ന് വി.എസ്.അച്യുതാനന്ദന്‍. റവന്യുമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രകൃതിയുടെയും പശ്ചിമഘട്ടത്തിന്റെയും സംരക്ഷണത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ പ്രളയകാലമെന്നും വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിര്‍വരമ്പുകള്‍ നിര്‍ണയിക്കാനുള്ള ചരിത്രപരമായ കടമ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുണ്ടെന്നും വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി നടപ്പാക്കപ്പെടുന്നില്ലെന്നും കാരണമായി നിര്‍മ്മാതാക്കള്‍ പറയുന്നത് പാറയുടെ ലഭ്യതക്കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന് ജനങ്ങളുടെ ആവാസ വ്യവസ്ഥയുടെ സുസ്ഥിരത തകര്‍ക്കുന്ന രീതിയില്‍ പാറമടകള്‍ക്ക് അനുമതി നല്‍കുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top