നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാജസ്ഥാനില്‍ വിശാലസഖ്യം

രാജസ്ഥാന്‍ : 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാജസ്ഥാനില്‍ ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് രാജസ്ഥാന്‍ ലോക്താന്ത്രിക് മോര്‍ച്ച രൂപീകരിച്ചു. ജയ്പുര്‍ കര്‍ണി ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ മോര്‍ച്ചയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

സിപിഐഎം, സിപിഐ, ജെഡിഎസ്, എസ്പി, സിപിഐ എംഎല്‍-ലിബറേഷന്‍, എംസിപിഐ-യുണൈറ്റഡ് എന്നീ കക്ഷികള്‍ അടങ്ങിയതാണ് മോര്‍ച്ച. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെയും സംസ്ഥാനത്തെയും നാശത്തിലേക്ക് നയിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ക്കെതിരായ സ്വാഗതാര്‍ഹ നീക്കമാണ് മോര്‍ച്ചയുടെ രൂപീകരണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വമേഖലയിലും പരാജയപ്പെട്ട മോഡി സര്‍ക്കാരും വസുന്ധരരാജെ സര്‍ക്കാരും ജനങ്ങളെ ശിക്ഷിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ഹന്നന്‍ മൊള്ള പറഞ്ഞു. ജനാധിപത്യഅവകാശങ്ങള്‍പോലും രാജ്യത്ത് നിഷേധിക്കപ്പെടുന്നു.

വരുന്ന നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരായ ജനരോഷം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ മോര്‍ച്ചയ്ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 600 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Top