റോള്‍ മോഡല്‍ ആരെന്ന് വെളിപ്പെടുത്തി ദേവ്ദത്ത് പടിക്കല്‍

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വലിയ പ്രതീക്ഷകളില്‍ ഒരാളാണ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. ഐപിഎല്‍ പതിനാലാം സീസണ്‍ ആരംഭിക്കാനിരിക്കേ കരിയറില്‍ തന്റെ റോള്‍ മോഡല്‍ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പടിക്കല്‍. എന്നാല്‍ കോലിയുടേയോ ധോണിയുടേയോ പേരല്ല അദ്ദേഹം പറയുന്നത്.

‘എന്റെ കാര്യത്തില്‍ ഒരാള്‍ മാത്രമല്ല പ്രചോദിപ്പിച്ചിട്ടുള്ളത്. കരിയറില്‍ എന്തെങ്കിലും നേടിയതിനെ കുറിച്ച് എല്ലാവര്‍ക്കും വ്യത്യസ്ത കഥകള്‍ പറയാനുണ്ട്. ഇന്ത്യക്കായി കളിച്ച എല്ലാ താരങ്ങളില്‍ നിന്നും പ്രചോദനം സ്വീകരിക്കാറുണ്ട്, അവിടെയെത്തുക എളുപ്പമല്ല എന്നതു തന്നെ കാരണം. ഉയരങ്ങളിലത്താന്‍ അവര്‍ വളരെയേറെ ത്യാഗങ്ങള്‍ ചെയ്തു, രാജ്യത്തിനായി ഏറെ സംഭാവനകള്‍ നല്‍കി’.

എന്നാല്‍ ‘എന്റെ റോള്‍ മോഡല്‍ ഗൗതം ഗംഭീറാണ്. അദേഹം ബാറ്റ് ചെയ്യുന്നത് കണ്ടാണ് വളര്‍ന്നത്. ഇപ്പോഴും അദേഹത്തിന്റെ വീഡിയോകള്‍ കാണുന്നു. ഇപ്പോഴും അദേഹത്തിന്റെ ബാറ്റിംഗ് ഇഷ്ടപ്പെടുന്നു. ഗംഭീറാണ് എന്റെ ക്രിക്കറ്റിംഗ് റോള്‍ മോഡല്‍’ എന്നും ദേവ്ദത്ത് പടിക്കല്‍ വ്യക്തമാക്കി.

രാഹുല്‍ ദ്രാവിഡിന്റെ സംഭാവനകളെ കുറിച്ചും ദേവ്ദത്ത് മനസു തുറന്നു. ‘രാഹുല്‍ സാറുമായി കുറച്ച് അവസരങ്ങളില്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. എപ്പോള്‍ അവസരം ലഭിച്ചാലും അദേഹത്തെ കാണും. ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ വച്ചാണ്. വളരെ വിനയമുള്ളയാളാണ്. എപ്പോള്‍, എന്ത് ഉപദേശം നല്‍കണമെങ്കിലും അതിന് തയ്യാറാണ്. എപ്പോള്‍ വേണമെങ്കിലും കാര്യങ്ങള്‍ ചോദിക്കാം. എല്ലാറ്റിനും അദ്ദേഹത്തിന്റെ കയ്യില്‍ പരിഹാരമുണ്ട്.

കഴിയുന്നതു പോലെ കഠിനമായി പരിശ്രമിക്കുന്നത് തുടരുക, കൂടുതല്‍ പഠിക്കുക, കൂടുതല്‍ മെച്ചപ്പെടുക എന്നാണ് എപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളത്. അദേഹത്തെ കാണുമ്പോഴൊക്കെ പുതുതായി എന്തെങ്കിലും സ്വായത്തമാക്കാന്‍ കഴിയാറുണ്ട്. വളരെ ശ്രദ്ധയോടെയാണ് ദ്രാവിഡിനെ ശ്രവിക്കാറുള്ളതെന്നും’ പടിക്കല്‍ കൂട്ടിച്ചേര്‍ത്തു.

 

Top