ശബരിമല സ്ത്രീപ്രവേശനം; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കണ്ഠരര് രാജീവര്‌

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കണ്ഠരര് രാജീവര്‌. ദേവസ്വംബോര്‍ഡ് ചര്‍ച്ചയ്ക്കു വിളിച്ചാല്‍ പങ്കെടുക്കുമെന്നും എല്ലാവരും അയ്യപ്പന്റെ കൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ ആചാര സംരക്ഷണത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ശബരിമല കര്‍മ്മസമിതിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികള്‍ പോയാല്‍ പിന്നെ താന്‍ ശബരിമലയ്ക്കില്ലെന്നും സാഹചര്യം വന്നാല്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടന്ന് ഭക്തരോട് പറയുമെന്നും ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതീക്ഷയില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ബോര്‍ഡിന്റേത് ആത്മാര്‍ത്ഥത ഇല്ലാത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നാണ് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞത്. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. പൂജയും ആചാരനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Top