ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷ മാല മാറ്റി വെച്ചതെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

കോട്ടയം: ഏറ്റുമാനൂര്‍ അമ്പലത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തില്‍ മാല മാറ്റി വെച്ചതെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. മാലകളുടെ സ്വര്‍ണത്തില്‍ വ്യത്യാസമില്ല. ദേവസ്വം വിജിലന്‍സ് ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. സംഭവം ദേവസ്വത്തിനെ അറിയിക്കുന്നതില്‍ ക്ഷേത്രം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍ തിരുവാഭരണം കമ്മീഷണറുടെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ്. മുന്‍ മേല്‍ശാന്തിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

വിഗ്രഹത്തില്‍ നിത്യവും ചാര്‍ത്തുന്ന രുദ്രാക്ഷ മാലയിലെ ഒമ്പത് മുത്തുകളാണ് കാണാതായത്. സംഭവത്തില്‍ മോഷണ കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. 23 ഗ്രാം സ്വര്‍ണ്ണം അടങ്ങിയ മാല കാണാതായി എന്നാണ് കേസ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എഫ്‌ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. 81 മുത്തുകള്‍ ഉള്ള മാല എടുത്തു മാറ്റി 72 മുത്തുകള്‍ ഉള്ള മാല കൊണ്ടുവച്ചു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

Top