ശബരിമലയില്‍ ഏകോപന ചുമതല ദേവസ്വം മന്ത്രിഏറ്റെടുക്കണം ; കെ സുധാകരന്‍

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തരമായി തയ്യാറാകണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍ നിന്ന് കുട്ടികളും വൃദ്ധരുമുള്‍പ്പടെയുള്ള ഭക്തര്‍ വലയുകയാണ്. കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ആഹാരമോ കിട്ടാത്ത സാഹചര്യമാണുള്ളതെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഏകോപന ചുമതല ഏറ്റെടുക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസ്സിന്റെ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ശബരിമലയില്‍ ആവശ്യത്തിന് പൊലീസുകാരുടെ കുറവുണ്ട്. ഇത് തിരക്ക് നിയന്ത്രിക്കുന്നതിന് ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമല ദര്‍ശനത്തിന് പ്രതിദിനം എത്തുന്നത്. ഭക്തര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ട സ്ഥലമായിട്ടും പൊലീസുകാരെ സ്വന്തം സുരക്ഷക്കായി വിന്യസിക്കുന്ന അല്‍പ്പനായി മുഖ്യമന്ത്രി മാറി. മുന്‍പ് ശബരിമല വിഷയത്തില്‍ കൈപൊള്ളിയതിന്റെ പ്രതികാരമാണോ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അലംഭാവമെന്ന് സംശയമുണ്ട്. ഇനിയൊരു അപകടം ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ കണ്ണുതുറന്ന് നടപടി സ്വീകരിക്കുയെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും സുധാകരന്‍ പറഞ്ഞു.

നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ വാല്‍പിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണം. മുന്‍കാലങ്ങളില്‍ മണ്ഡലകാലത്ത് ശബരിമലയില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താന്‍ ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ചുമതലയുണ്ടായിരുന്നുവെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. നവകേരള സദസ്സ് പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ മന്ത്രിതലത്തിലുള്ള ഏകോപനം നടക്കുന്നില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പിആര്‍ എക്സര്‍സൈസിന്റെ ഭാഗമായുള്ള നവ കേരള സദസ്സില്‍ മാത്രമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

 

Top