ശബരിമലയില്‍ തിരക്കുണ്ട്, അനിയന്ത്രിത സാഹചര്യമില്ല; വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ദേവസ്വം മന്ത്രി

ഇടുക്കി: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഉയരുന്ന വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതം. ശബരിമലയില്‍ തിരക്കുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അനിയന്ത്രിത സാഹചര്യമില്ല. എല്ലാം പ്രശ്‌നമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഹൃദ്രോഗം മൂലമാണ് ഒരാളുടെ മരണം സംഭവിച്ചത്. രാഷ്ട്രീയം പറയേണ്ടവര്‍ ശബരിമലയില്‍ പോകാതെ ഇവിടെ വന്ന് പറയട്ടെ എന്നും മന്ത്രി പറഞ്ഞു.

പതിനെട്ടാം പടി കയറുന്നിടത്താണ് തിരക്ക് വരുന്നത്. അത് ഒഴിവാക്കാന്‍ ഭക്തര്‍ കൂടി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശബരിമലയില്‍ പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ശബരിമലയില്‍ വര്‍ദ്ധിച്ചു വരുന്ന തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പലതും ശബരിമലയില്‍ നടപ്പാക്കിയിട്ടില്ലെന്നും വി ഡി സതീശന്‍ കത്തില്‍ പറഞ്ഞു. നവകേരള സദസ്സില്‍ നിന്ന് പിന്മാറി ദേവസ്വം മന്ത്രി ശബരിമലയില്‍ ഏകോപന ചുമതല ഏറ്റെടുക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.

 

Top