ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. അവധി ദിനങ്ങളായതിനാല്‍ വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്നവരെ വേഗത്തില്‍ കയറ്റിവിടാന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ആരോഗ്യ സംവിധാനങ്ങളും ആംബുലന്‍സും ക്രമീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. രാവിലെ മലചവിട്ടിയ പലര്‍ക്കും ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ചിലഭാഗങ്ങളില്‍ ഭക്തര്‍ ബാരിക്കേഡുകള്‍ മുറിച്ചു കടന്നു. നടപ്പന്തലുകള്‍ ഭക്തരെ കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് പമ്പയില്‍ നിന്നും മല കയറിയവര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂവില്‍ നില്‍ക്കുന്നത്.

അതേസമയം ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കനിവ് 108 ആംബുലന്‍സിന്റെ 4×4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

Top