ദേവസ്വം ആര് ഭരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അല്ല തീരുമാനിക്കേണ്ടത് : സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ദേവസ്വം ആര് ഭരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അല്ല തീരുമാനിക്കേണ്ടതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കേണ്ടത് ഹിന്ദുക്കള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ആയിരിക്കണമെന്നും ജനപ്രതിനിധികള്‍ ഹിന്ദു അല്ലെങ്കില്‍ ഹിന്ദു താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് കേരള സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകള്‍ കയ്യടക്കിയത്. ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടുള്ള കേസ് വലിയ മാറ്റം കൊണ്ടുവരുമെന്നും ടി.ജി.മോഹന്‍ദാസുമായി സഹകരിച്ച് ദേവസ്വം ബോര്‍ഡ് ഭരണത്തിനെതിരെ പോരാടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ അതൃപ്തി അറിയിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് സ്വാഗതാര്‍ഹമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം.

ജനങ്ങളുടെ വികാരം മനസിലാക്കാതെ ഇത്തരം തീരുമാനങ്ങള്‍ കോടതി എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളാണ് വിധിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ശബരിമല വിഷയത്തില്‍ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തിറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാകില്ലെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

Top