ശബരിമല, കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ട്: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

പുന:പരിശോധന ഹര്‍ജിയില്‍ എറ്റവും നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ചത് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ അഭിഷേക് മനു സിംഗ്‌വി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് വിധി പറയാന്‍ മാറ്റി വെച്ചു. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശേഷിക്കുന്ന ഹര്‍ജിക്കാര്‍ക്ക് അവരുടെ വാദമുഖങ്ങള്‍ ഏഴുദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് സമയം അനുവദിച്ചു.

വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കാന്‍ നിര്‍ദേശിച്ചു. വാദങ്ങള്‍ എഴുതി നല്‍കാന്‍ ഒരാഴ്ച്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കുംഭ മാസ പൂജകള്‍ക്ക് നട തുറക്കും മുമ്പ് കേസില്‍ വിധി ഉണ്ടാകില്ല.

സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22നു കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ മാറ്റിവെച്ചു. ശബരിമല തന്ത്രി, എന്‍.എസ്.എസ്, പന്തളം കൊട്ടാരം, പീപ്പിള്‍ ഫോര്‍ ധര്‍മ്മ തുടങ്ങിയവരുടെ 55 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുമ്പാകെയുള്ളത്. ഇത്രയധികം പുനഃപരിശോധനാ ഹര്‍ജികള്‍ ഒരു കേസില്‍ വരുന്നതു തന്നെ അത്യപൂര്‍വമാണ്.

നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈലജാ വിജയന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജയാ രാജ്കുമാര്‍, ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.

Top