ശബരിമല വിഷയം; പത്മകുമാറിനെതിരെ ദേവസ്വം കമ്മീഷണർ രംഗത്ത്‌

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണർ എൻ വാസു.

ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റിന്റേത് പൊളിറ്റിക്കൽ നിയമനം ആണെന്നും അതിനാൽ തന്നെയാണ് എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനോട് അതൃപ്തി തുറന്ന് പറഞ്ഞതെന്നും എൻ.വാസു പറഞ്ഞു.

ശബരിമല വിഷയത്തിൽ പുന:പരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോർഡെടുത്ത നിലപാടിൽ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും എന്നാൽ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ വിശദീകരണം നൽകേണ്ടത് ഉത്തരവാദിത്തമാണെന്നും സ്വാഭാവികമായും അത്തരം വിശദീകരണം നൽകുമെന്നും എൻ വാസു വ്യക്തമാക്കി.

അതേസമയം, ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ ശബരിമല കേസിലെ സാവകാശ ഹർജിയെ കുറിച്ച് പറയാത്തതിൽ ദേവസ്വം പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നിൽ ദേവസ്വം കമ്മീഷണറുടെ ഇടപെടലാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.

ശബരിമല വിഷയത്തിൽ വാദം പൂർത്തിയായെങ്കിലും കേസ് വിധി പറയാൻ മാറ്റി. മൂന്നരമണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ശേഷിക്കുന്ന ഹർജിക്കാർക്ക് അവരുടെ വാദമുഖങ്ങൾ ഏഴുദിവസത്തിനകം സമർപ്പിക്കാൻ കോടതി അഭിഭാഷകർക്ക് സമയം അനുവദിച്ചിട്ടുണ്ട്.

വാദിക്കാൻ അവസരം കിട്ടാത്തവർ എഴുതി നൽകാനും നിർദേശിച്ചു. വാദങ്ങൾ എഴുതി നൽകാൻ ഒരാഴ്ച്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കുംഭ മാസ പൂജകൾക്ക് നട തുറക്കും മുമ്പ് കേസിൽ വിധി ഉണ്ടാകില്ല.

ബിന്ദു,കനകദുർഗ എന്നിവർ നൽകിയ ഹർജിയിൽ അഡ്വ.ഇന്ദിര ജയ്‌സിംഗാണ് വാദിച്ചത്. ദർശനം നടത്തിയ യുവതികൾക്ക് വധ ഭീഷണിയുണ്ടെന്നും, ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മക്ക് തെളിവാണ്,ശബരിമല കുടുംബ ക്ഷേത്രമല്ല,പൊതു ക്ഷേത്രമെന്നും അഭിഭാഷക വാദിച്ചു

ദേവസ്വം ബോർഡിന് വേണ്ടി രാകേഷ് ദ്വിവേദിയാണ് വാദിച്ചത് .സുപ്രീംകോടതി വിധിയെ സംസ്ഥാന സർക്കാരിനെപ്പോലെ ദേവസ്വം ബോർഡും അനുകൂലിക്കുന്ന നിലപാടാണ് മുന്നോട്ട് വന്നത്.

ആർത്തവമില്ലാതെ മനുഷകുലം തന്നെയില്ല. എല്ലാവർക്കും തുല്യത അവകാശം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.ശബരിമല കൊണ്ടുവന്ന മാറ്റങ്ങൾ ഉൾക്കൊണ്ടേ മതിയാകു,തുല്യത ഇല്ലാതാക്കുന്ന ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും ദേവസ്വം ബോർഡിന് വേണ്ടി വാദം ഉന്നയിച്ച രാകേഷ് ദ്വിവേദി പറഞ്ഞു.

വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല. വിധിക്കാധാരം തുല്യതയെന്നും സർക്കാർ വാദിച്ചിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ.ജയദീപ് ഗുപ്തയാണ് ഹാജരായത്.

എൻഎസ്എസ് സമർപ്പിച്ച ഹർജിയിലാണ് ആദ്യം വാദം കേട്ടത് യുവതീ പ്രവേശന വിധിയിൽ പിഴവുണ്ടെന്നാണ് എൻഎസ്എസ് വാദമുയർത്തിയത്. പ്രധാന വിഷയങ്ങൾ കോടതിയ്ക്ക് മുമ്പിൽ എത്തിയില്ലെന്നാണ് എൻഎസ്എസിന്റെ വാദം. എൻഎസ്എസിന് വേണ്ടി അഡ്വ.കെ.പരാശരൻ ആണ് വാദിച്ചത്.

വിധിയിലെ പിഴവുകൾ എന്താണെന്ന് പുനഃപരിശോധനാ ഹർജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിഴവുകൾ ചൂണ്ടിക്കാട്ടാൻ സാധിക്കുമെന്ന് എൻഎസ്എസ് അഭിഭാഷകൻ അറിയിച്ചിരുന്നു.

രണ്ടാമതായി പരിഗണിച്ചത് തന്ത്രിയുടെ ഹർജിയായിരുന്നു. പ്രതിഷ്ഠയുടെ ഭാവം പരിഗണിക്കണമെന്നാണ് തന്ത്രി വാദിച്ചത്. വിഗ്രഹത്തിൽ തന്ത്രിയ്ക്ക് പ്രത്യേക അധികാരം ഉണ്ടെന്നാണ് അഡ്വ. വി. ഗിരി വ്യക്തമാക്കിയത്.

പ്രയാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി പൗരാവകാശത്തിൽ 25,26 അനുച്ഛേദങ്ങൾ ചേർത്തു വായിക്കണമെന്നാണ് വാദിച്ചത്.

നാലാമത് ബ്രാഹ്മണസഭയുടെ വാദമായിരുന്നു. ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖർ നാഫ്‌ഡേയാണ് വാദിച്ചത്.

ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് വിശ്വാസികളെന്നാണ് ബ്രാഹ്മണ സഭ വാദിച്ചത്. റദ്ദാക്കിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസമാണെന്നും ആചാരങ്ങൾ മാറ്റുവാൻ ആക്റ്റിവിസ്റ്റുകൾക്ക് അവകാശമില്ലെന്നും ബ്രാഹ്മണ സഭ വാദിച്ചു.

ഹിന്ദു മതാചാര നിയമത്തിന്റെ പകർപ്പ് ജസ്റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടു.

പുന:പരിശോധനാ ഹർജികളിൽ അഡ്വ. വെങ്കിട്ട രമണി, അഡ്വ. വെങ്കിട്ട രാമൻ എന്നിവരുടെ വാദവും പൂർത്തിയായിരുന്നു.

സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹർജികൾ ജനുവരി 22നു കേൾക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാൽ മാറ്റിവെച്ചു. ശബരിമല തന്ത്രി, എൻ.എസ്.എസ്, പന്തളം കൊട്ടാരം, പീപ്പിൾ ഫോർ ധർമ്മ തുടങ്ങിയവരുടെ 55 പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതിക്കു മുമ്പാകെയുള്ളത്. ഇത്രയധികം പുനഃപരിശോധനാ ഹർജികൾ ഒരു കേസിൽ വരുന്നതു തന്നെ അത്യപൂർവമാണ്.

2018 സെപ്റ്റംബർ 28നാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.

Top