ശബരിമല വിഷയം; വീണ്ടും സമവായനീക്കത്തിനൊരുങ്ങി ദേവസ്വം ബോര്‍ഡ്

പമ്പ: ശബരിമല പ്രശ്‌നത്തില്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ സമവായ നീക്കം. സമരം അവസാനിപ്പിക്കാന്‍ ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു. പുനപരിശോധന ഹര്‍ജി നല്‍കിയാല്‍ സമരം നിര്‍ത്തുമോ എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സംഘർഷത്തിന്‍റെയും അക്രമങ്ങളുടെയും സാഹചര്യത്തിൽ നാളെയാണ് ദേവസ്വം ബോർഡ് യോഗം ചേരുന്നത്. സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകണോ എന്ന കാര്യത്തിൽ നാളെ വീണ്ടും യോഗത്തിൽ ചർച്ച നടക്കും.

നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചിരുന്നു. ആറ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തരുന്നു.

സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കുത്തിയിരുന്ന് പ്രതിഷേധിക്കാനെത്തിവരെയാണ് അറസ്റ്റ് ചെയ്തത്. പമ്പയിലും സന്നിധാനത്തും തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഒരൊറ്റ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നും തങ്ങളുടെ നെഞ്ചില്‍ ചവുട്ടിയേ സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കൂവെന്നും പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയാണെന്നും യുവമോര്‍ച്ച ആരോപിച്ചു.

Top