ശബരിമല വിഷയം; വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഇടപെടുമെന്നും കേസുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ ഡല്‍ഹിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ യോഗത്തിനുശേഷം ദേവസ്വം കമ്മീഷണര്‍ നേരിട്ട് പോകും. ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ റിട്ട് ഹര്‍ജി പരിഗണിക്കണമോയെന്ന് സുപ്രീം കോടതി നാളെ തീരുമാനിക്കും. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇരുപതോളം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്. ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെയറിയാം.

ഇതുകൂടാതെ ശബരിമലയില്‍ അന്യമതക്കാര്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്.

Top