വെര്‍ച്വല്‍ ക്യൂ അയ്യപ്പ ഭക്തരെ അകറ്റുന്നു; നിയന്ത്രണം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: കോവിഡിന്റെ പേരില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ചില നിയന്ത്രണങ്ങള്‍ ഭക്തരെ അകറ്റുന്നുവെന്ന് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. അശാസ്ത്രീയമായ വെര്‍ച്വല്‍ ക്യൂവിന് ഇളവുകള്‍ തേടി ബോര്‍ഡ് പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും നിരസിച്ചു. അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വലിയ തിരക്കുണ്ടായിരുന്ന കാലത്ത് ഭക്തര്‍ക്ക് സുഖ ദര്‍ശനത്തിനായിട്ടാണ് കേരള പൊലീസ് വെര്‍ച്വല്‍ ക്യൂ ആരംഭിച്ചത്. അന്ന് വളരെ പ്രയോജനകരമായിരുന്ന സംവിധാനം ഇപ്പോള്‍ സാധാരണ ഭക്തരെ ശബരിമലയില്‍നിന്നു അകറ്റുന്നുവെന്നാണ് പരസ്യമായി പറയുന്നില്ലെങ്കിലും ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

പലതവണ ശ്രമിച്ചാലും സ്ലോട്ട് ലഭിക്കുന്നില്ലെന്ന് ഇതര സംസ്ഥാനങ്ങളിലെ തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ പരാതിയുണ്ട്. മാത്രമല്ല ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള സംവിധാനം ഇല്ലാത്തതും വെര്‍ച്വല്‍ ക്യൂവിന്റെ പോരായ്മയാണ്. ഇതിനു പുറമേ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം, സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കാത്തത് എന്നിവയും പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

എരുമേലിയില്‍നിന്നു പമ്പയിലേക്കും അവിടെനിന്നു സന്നിധാനത്തേക്കും പരമ്പരാഗത പാതയിലൂടെ യാത്രയ്ക്ക് അനുമതി വേണം. പമ്പയില്‍ സ്‌നാനവും ബലിയും വിളക്കുമൊക്കെ നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്നാണ് ആവശ്യം. മണ്ഡലം – മകരവിളക്ക് ഉത്സവത്തിനായി തിങ്കളാഴ്ച വൈകിട്ട് ശബരിമല നട തുറക്കും.

 

 

Top