അഹിന്ദുക്കള്‍ക്ക് ദേവസ്വം കമ്മീഷണര്‍ നിയമനമെന്ന പ്രചരണം അടിസ്ഥാന രഹിതം: കടകംപള്ളി

കൊച്ചി: ദേവസ്വം കമ്മീഷണര്‍ സ്ഥാനത്തേക്ക് അഹിന്ദുക്കളെ നിയമിക്കുന്നതിനായി നിയമഭേദഗതി വരുത്തി ഗസറ്റ് വിജ്ഞാപനം നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതവും വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ ഒരു ദേവസ്വം ബോര്‍ഡുകളിലും ഒരു തസ്തികയിലേക്കും അഹിന്ദുക്കളെ നിയമിക്കാനാകില്ല എന്നും, അങ്ങനെ നിയമിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമഭേദഗതിയും കൊണ്ടുവന്നിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുറമെ നിന്നുള്ള വ്യക്തികളെയാണ് നിലവില്‍ ദേവസ്വം കമ്മീഷണര്‍ സ്ഥാനത്തേക്ക് നിയമിച്ചിരുന്നത്. പുറമെ നിന്നുള്ള നിയമനമായതിനാല്‍ ആ വ്യക്തി ഹിന്ദുവായിരിക്കണമെന്ന് തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തില്‍ 29(2) പ്രകാരം വ്യവസ്ഥ ചെയ്യുകയും ചെയ്തിരുന്നു. ദേവസ്വം കമ്മീഷണര്‍ നിയമന രീതിയില്‍ മാറ്റം വരുത്തുകയാണ് തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ ചെയ്തത്. അല്ലാതെ അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറാക്കാമെന്ന ഭേദഗതിയല്ല ഉണ്ടായത്, മന്ത്രി പറഞ്ഞു. ഇനിമുതല്‍ ദേവസ്വം ബോര്‍ഡുകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സ്ഥാനകയറ്റ പദവിയായിരിക്കും ദേവസ്വം കമ്മീഷണര്‍ തസ്തികയെന്നാണ് നിയമഭേദഗതി വരുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അഭാവമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിലെ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ദേവസ്വം ബോര്‍ഡിന് നിയമിക്കാമെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.

നിലവിലെ നിയമപ്രകാരം ഹിന്ദുക്കളല്ലാത്ത ആര്‍ക്കും ദേവസ്വം ബോര്‍ഡുകളില്‍ നിയമനം നേടാനാകില്ല.ദേവസ്വം നിയമനങ്ങളെ കുറിച്ച് വ്യവസ്ഥ ചെയ്യുന്ന 1950 ലെ നിയമത്തിന്റെ പേര് തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന നിയമം എന്നതാണെന്നും, അതിലെ പ്രാഥമിക നിയമന യോഗ്യത തന്നെ ഹിന്ദുവായിരിക്കണമെന്നതും മറച്ചുവെച്ചാണ് നുണപ്രചാരണം നടത്തുന്നത്. അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്ന വസ്തുതാവിരുദ്ധമായ പ്രചാരണം വര്‍ഗീയ വിദ്വേഷമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top