ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സൗകര്യം ഒരുക്കുമെന്ന് ദേവസ്വം കമ്മീഷണര്‍

sabarimala

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപിയുമായി ചര്‍ച്ച നടത്തും. പുനപരിശോധന ഹര്‍ജി നല്‍കിയാലും അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ശൗചാലയങ്ങള്‍ക്ക് പിങ്ക് നിറം നല്‍കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ജീവനക്കാരെ ആവശ്യമെങ്കില്‍ സന്നിധാനത്ത് നിയമിക്കും. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അടുത്ത ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

സുപ്രീംകോടതി വിധി അനുസരിച്ച് സ്ത്രീകളായ ഭക്തര്‍ ശബരിമലയില്‍ എത്തിയാല്‍ അവരെ തടയാനാകില്ല. സുപ്രീംകോടതി വിധിയില്‍ എന്താണോ പറഞ്ഞിട്ടുള്ളത് അത് നടപ്പിലാക്കുമെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി.

Top