ദേവസ്വം ബോര്‍ഡിലെ ഭിന്നത രൂക്ഷം; പ്രസിഡന്റ് പത്മകുമാര്‍ പുറത്തേയ്ക്ക്?

പത്തനംതിട്ട:ശബരിമല യുവതീ പ്രവേശന വിഷയത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കങ്ങള്‍ വിട്ടുമാറാതെ ദേവസ്വം ബോര്‍ഡ്‌ ഭിന്നതയിലേക്ക് വഴിമാറുകയാണ്. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ പുറംതളളാന്‍ നടക്കുന്നതായുള്ള അണിയറ രഹസ്യങ്ങളാണ് മറനീക്കി പുറത്തു വരുന്നത്. ദേവസ്വംബോര്‍ഡ് അംഗം കെ.ടി.ശങ്കര്‍ ദാസും ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിനു പിന്നിലെ പ്രധാന കാരണമായി മാറുന്നത്. മുഖ്യമന്ത്രിയുടെ മുന്നിലേക്കും ഈ തര്‍ക്ക വിവരങ്ങള്‍ നീണ്ടു കഴിഞ്ഞു.

പല കാര്യങ്ങളിലും ശങ്കര്‍ദാസ് നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും തന്റെ അനുവാദം കൂടാതെയാണെന്നും അധികാരത്തെ പരിഗണിക്കുന്നില്ലെന്നുമാണ് പത്മകുമാര്‍ ഉന്നയിക്കുന്ന പരാതി. സിപിഐയില്‍ കാനത്തിന്റെ വിശ്വസ്തനാണ് ശങ്കര്‍ദാസ്. ശങ്കര്‍ദാസ് ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്നതടക്കമുള്ള പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇവിടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇല്ലാതിരുന്ന ഘട്ടത്തിലാണ് ശങ്കര്‍ദാസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഭിപ്രായം പറയേണ്ട പല കാര്യങ്ങളില്‍ പോലും ശങ്കര്‍ദാസ് ആണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായമെന്ന നിലയ്ക്കുള്ള കാര്യങ്ങളും മറ്റും മാധ്യമപ്രവര്‍ത്തകരെ പോലും അറിയിക്കുന്നത്.

ഇത് മാത്രമല്ല ദേവസ്വം മന്ത്രിയുമായും പല കാര്യങ്ങളിലും ദേവസ്വം പ്രസിഡന്റിനെ മറികടന്നുളള ആശയവിനിമയം ശങ്കര്‍ദാസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു. ശബരിമല വിഷയം രൂക്ഷമായതിന് പിന്നില്‍ ശങ്കര്‍ദാസിന്റെ പല നിലപാടുകളുമാണെന്നാണ് ബോര്‍ഡ് പ്രസിഡന്റിന്റെ ആക്ഷേപം. ഇത്തരത്തില്‍ ശങ്കര്‍ദാസ് നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ സമീപിക്കുന്നതെന്നാണ് ദേവസ്വംബോര്‍ഡ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.

Devaswom-board

സിപിഎം നേതൃത്വത്തെയും ദേവസ്വംമന്ത്രിയെയും ബോര്‍ഡ് പ്രസിഡന്റ് ഇതിനോടകം കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. സിപിഐയില്‍ കാനത്തിന്റെ അടുപ്പക്കാരനായ ശങ്കര്‍ദാസിനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് ആഗ്രമുണ്ടായിരുന്നു. എന്നാല്‍ കാനത്തിന്റെ എതിര്‍ഗ്രൂപ്പായ ഇസ്മയില്‍ പക്ഷത്തിനാണ് ജില്ലാകമ്മിറ്റിയില്‍ ഭൂരിപക്ഷം കിട്ടിയത്.

ഇസ്മായില്‍ അനുകൂലിയായ വി.ആര്‍.അനില്‍ ജില്ലാ സെക്രട്ടറിയാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കാനത്തിന്റെ ഒപ്പം നിന്നതിന്റെ ഉപകാരസ്മരണയ്ക്കാണ് ശങ്കര്‍ദാസിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയത്. എന്നാല്‍ ഈ വിഷയത്തില്‍ ശങ്കര്‍ദാസ് സ്വീകരിക്കുന്ന പല നിലപാടുകളും സര്‍ക്കാരിനെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. ശബരിമലയുടെ സുരക്ഷാചുമതലയില്‍ പ്രധാനിയായ ഹരിശങ്കര്‍ ഐപിഎസ് ശങ്കര്‍ദാസിന്റെ മകനാണ്. ഇക്കാര്യം പൊലീസ് വേട്ടയ്ക്ക്‌ പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് സംഘപരിവാര്‍ നേതാക്കള്‍ പറയുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു.

sabarimala-759

ഈ സാഹചര്യം ഇടത് മുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയതായും സൂചനയുണ്ട്. സിപിഐയക്കുള്ളിലും ശങ്കര്‍ദാസിന്റെ പല നിലപാടുകള്‍ക്കും കടുത്ത എതിര്‍പ്പാണ് ഉള്ളത്. തന്നിഷ്ടപ്രകാരമുളള നിലപാടുകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമാക്കുമെന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം അഭിപ്രായപ്രകടനം നടത്തി രംഗത്തെത്തിയിട്ടുള്ളത്.

എന്തായാലും നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ തള്ളുമോ, ശങ്കര്‍ദാസിനെ തലോടുമോയെന്ന കാര്യത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും എടുക്കുന്ന തീരുമാനം എന്താണെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top