മായാത്ത ഓര്‍മയായി ദേവനന്ദ; ചെന്നിത്തലക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത വേദനയായി മാറിയിരിക്കുകയാണ് ദേവനന്ദ. കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ കുഞ്ഞിന്റെ അച്ഛനമ്മമാരുടെ ദുഃഖം. വികാരാധിതനായി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കുട്ടിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധ്യമായ എല്ലാശ്രമങ്ങളും നടത്തിയെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നും അദ്ദേഹം മറുപടിയില്‍ പറയുന്നു. നിയമസഭയില്‍ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയുടെ പൂര്‍ണരൂപം:

നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത വേദനയായി മാറിയിരിക്കുകയാണ് ദേവനന്ദ. കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ കുഞ്ഞിന്റെ അച്ഛനമ്മമാരുടെ ദുഃഖം. കുടവട്ടൂര്‍ സ്വദേശികളായ പ്രദീപിന്റെയും ധന്യയുടെയും മകളായ ഏഴുവയസ്സുള്ള ആ കുട്ടിയെ കാണാതായ വിവരം അറിഞ്ഞതുമുതല്‍ ഈ സമൂഹമാകെ മനസ്സുകൊണ്ട് ആ അച്ഛനമ്മമാരുടെ മനസ്സിന്റെ ഒപ്പം ഉണ്ടായിരുന്നു. ആ കുഞ്ഞിന് ഒന്നും പറ്റരുതേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ടിരുന്നു.

പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാകെ ഈ ഘട്ടത്തില്‍ കുഞ്ഞിനെ കണ്ടെത്താന്‍ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ഉറക്കമിളച്ച് എന്നവണ്ണം അവിടെ കേന്ദ്രീകരിച്ചു. ഗവണ്‍മെന്റ് പൊതുവിലും, ഞങ്ങളൊക്കെ തന്നെയും ഓരോ ഘട്ടത്തിലും ആ നാടിന്റെയും ആ കുടുംബത്തിന്റേയും ഉത്കണ്ഠ പങ്കിട്ടുകൊണ്ടാണിരുന്നത്. ചെറിയ ഇടവേളകളില്‍ ആ കുഞ്ഞിനെക്കുറിച്ച് വിളിച്ച് അന്വേഷിച്ചു കൊണ്ടേയിരുന്നു. ഏതുവിധേനയും കുഞ്ഞിനെ ജീവനോടെ കണ്ടെത്തുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും അതിന് മേല്‍നോട്ടം വഹിച്ചുകൊണ്ടുമിരുന്നു.

എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കും വിധമാണ് ആ തെരച്ചില്‍ അവസാനിച്ചത് എന്നത് സഭക്ക് അറിയാവുന്ന കാര്യമാണ്. സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ ദുഃഖം നമ്മുടെയൊക്കെ ദുഃഖമാണ്. പല ഊഹാപോഹങ്ങളും അനുമാനങ്ങളും ഈ സംഭവത്തെ തുടര്‍ന്നുണ്ടായി. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലേ പൊലീസിനു നീങ്ങാനാവൂ. ശാസ്ത്രീയമായ അന്വേഷണ വഴിയില്‍ പൊലീസ് തന്നെ ഒടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നതു അറിയാമല്ലോ. അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. കനാല്‍ തുറന്നിരുന്നതിനാല്‍ വലിയ ശക്തിയില്‍ ജലപ്രവാഹമുണ്ടായിരുന്നുതാനും.

ഈ സ്ഥലത്ത് പത്തുവര്‍ഷത്തിനുള്ളില്‍ അഞ്ചുപേര്‍ മരണപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ അപായകരമായ സ്ഥാനമാണിത്. അവിടെ വള്ളിക്കിടയില്‍ കുഞ്ഞിന്റെ മൃതദേഹം കുടുങ്ങിക്കിടന്നതു കണ്ടെത്തിയതില്‍ നിന്നുതന്നെ പൊലീസിന്റെ അന്വേഷണ വഴികള്‍ ശരിയായിരുന്നു എന്നു തെളിയുന്നുണ്ട്.

27ന് കാലത്ത് കാണാതായ വിവരമറിഞ്ഞയുടന്‍ തന്നെ പൊലീസ്-ഫയര്‍ സെക്യൂരിറ്റി ഭടന്മാര്‍ അന്വേഷണം കേന്ദ്രീകരിച്ചത് ഇവിടെ തന്നെയാണ്. പിന്നീട് വളരെ സാമര്‍ത്ഥ്യമുള്ള പൊലീസ് നായ തലേന്ന് ദേവനന്ദ ധരിച്ചിരുന്ന വസ്ത്രം മണത്തിട്ട് നേരേപോയത് വള്ളക്കടവിലേക്കു തന്നെ. അവിടെ അതിന്റെ വഴി അടഞ്ഞു. തുടര്‍ന്ന് അവിടം കേന്ദ്രീകരിച്ച് അന്വേഷിക്കുകയായിരുന്നു. 28-ന് രാവിലെ അഞ്ചു മണിക്ക് പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും കോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും സഹായത്തോടെ പള്ളിമണ് ആറില്‍ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

രാവിലെ 7.30 ഓടെ പള്ളിമണ്‍ ആറിലെ തടത്തില്‍മുക്കില നടന്ന തിരച്ചിലില്‍ 400 മീറ്റര്‍ മാറിയ ഭാഗത്ത് ദേവനന്ദയുടെ ദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. രക്ഷാകര്‍ത്താക്കളും തിരിച്ചറിഞ്ഞു. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍തന്നെ വയര്‍ലസ്സ് മെസ്സേജ് മുഖാന്തിരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും റയില്‍ അലര്‍ട്ടുകളിലേക്കും ജാഗ്രതാ സന്ദേശങ്ങള്‍ അയച്ചു. കേന്ദ്ര വെബ് പോര്‍ട്ടലായ ട്രാക്ക് ചൈല്‍ഡില്‍ വിവരം നല്‍കി. വാട്‌സ്അപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയും വിവരങ്ങള്‍ നല്‍കി.

കുഞ്ഞിന്റെ ചിത്രങ്ങളും അടയാളങ്ങളും പ്രചരിപ്പിച്ചു. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി എന്നര്‍ത്ഥം. 13 അംഗ അന്വേഷണസംഘം രൂപീകരിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അമ്പതോളം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് എക്‌സ്‌പെര്‍ട്ട്, ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ട് എന്നിവരുടെ സേവനങ്ങള്‍ ഉപയോഗിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. വീടിനു സമീപത്തൂടെ ഒഴുകുന്ന പള്ളിമണ്‍ ആറില്‍ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെ സേവനം ഉപയോഗിച്ച് തിരച്ചില്‍ നടത്തി. കേസിന്റെ കേരള പൊലീസ് ആക്ട് 57(1)(എ) പ്രകാരമുളള വകുപ്പ് സിആര്‍പിസി 174 എന്ന് ഭേദഗതി ചെയ്തിട്ടുണ്ട്.

സയന്റിഫിക് എക്‌സ്പര്‍ട്ട്, ഫിംഗര്‍പ്രിന്റ് എക്‌സ്പര്‍ട്ട്, ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സഹായത്തോടെ ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫോറന്‌സിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ മുങ്ങിമരണമാണെന്നും കൂടുതല്‍കാര്യങ്ങള്‍ ലാബോറട്ടറി ഫലങ്ങള്‍ ലഭിച്ചതിന് ശേഷം അറിയിക്കാമെന്നുമാണ് രേഖപ്പെടുത്തിയത്.

കാണാതായ കുട്ടി ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ദേവനന്ദയുടെ മൃതദേഹത്തില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

ഈ സഭയും ഈ സര്‍ക്കാരും വിങ്ങുന്ന ആ കുടുംബത്തിനൊപ്പമുണ്ട്. ഒറ്റപ്പെട്ടനിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍യിട്ടുണ്ട്. പൊലീസ് മാത്രമല്ല, നാട്ടുകാരും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കണം. ദേവനന്ദയുടെ കാര്യത്തില്‍ സംഭവിച്ചത്, ആ കുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെട്ട രീതിയിലല്ല ആ വഴിപോയത് എന്നതാണ്. ദേവനന്ദ കേരളത്തിന്റെ മനസ്സിലെ മായാത്ത ദുഃഖമാണ്. ഇനി അങ്ങനെയൊരു ദുരന്തം കേരളത്തിലുണ്ടാവാതിരിക്കാനുള്ള ജാഗ്രത നമ്മുടെയെല്ലാം ഭാഗത്തുനിന്നുണ്ടാവണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Top