ഒടുവില്‍ വിട; ദേവനന്ദനയുടെ മൃതദേഹം പിതാവിന്റെ നാട്ടില്‍ സംസ്‌കരിച്ചു

കൊല്ലം: കൊല്ലത്ത് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു. അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. കേരളം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നതായിരുന്നു ഈ കുഞ്ഞിന്റെ തിരിച്ച് വരവിന് വേണ്ടി. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും കാണാതായ ദേവനന്ദയ്ക്ക് വേണ്ടി ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ധന്യയും ദേവനന്ദയുടെ നാലുമാസം പ്രായമുള്ള അനിയനും മാത്രമാണ് കുട്ടിയെ കാണാതാകുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

കുട്ടി എങ്ങനെയാണ് ആറ്റിന്‍ കരയ്‌ക്കെത്തിയത് എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹയതാണ്. ആരെങ്കിലും കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഇപ്പോഴും ബലപ്പെട്ട് കിടക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് ആറ്റില്‍ മുങ്ങിയാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കാണാതായി ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനായില്ല. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ഇന്‍ക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്.

Top