കര്‍ണ്ണാടകയിലും ഗോവയിലും ദേവദാസികള്‍ ഇപ്പോഴുമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ര്‍ണാടകയില്‍ ദേവദാസി നിരോധന നിയമം നിലവില്‍ വന്നിട്ട് 36 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആചാരത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ ദേവദാസികളാക്കുന്ന നടപടി തുടര്‍ന്നുവരുന്നതായി അന്വേഷണറിപ്പോര്‍ട്ട്. കര്‍ണാടകയില്‍ മാത്രമല്ല ഗോവയിലും ഈ നീചമായ ആചാരം തുടര്‍ന്നുവരുന്നതായാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ബംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യാ യൂണിവേഴ്‌സിറ്റി, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇവിടെ നിയമം വെറും നോക്കുകുത്തിയാവുകയാണ്. വടക്കന്‍ കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ ദേവദാസി ആചാരം ആര്‍ഭാടപൂര്‍വ്വം ഇപ്പോഴും കൊണ്ടാടുന്നുണ്ടെന്ന് അറിയുമ്പോള്‍ നാം ഓര്‍ക്കണം ആ പെണ്‍കുട്ടികളുടെ നിസ്സഹായത.

സമൂഹം നവോത്ഥാനത്തിന്റെ പാതയിലാണെന്നും രാജ്യം പുരോഗതിയിലേക്ക് ഓടിക്കയറുകയാണെന്നും വീമ്പിളക്കുന്നവര്‍ അറിയണം താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്!

ആചാരത്തിന്റെ മറപറ്റി അത്യന്തം ക്രൂരമായ നടപടികള്‍ അരങ്ങേറുമ്പോള്‍ അതിന് ഇരകളാകുന്നവരില്‍ 19 ശതമാനവും- അതായത് അഞ്ചിലൊരാള്‍- മാനസികമായോ ശാരീരികമായോ വെല്ലുവിളി നേരിടുന്നവരാണ്. ഇത്തരം പെണ്‍കുട്ടികളെ വീടുകളില്‍ നിന്ന് ഉപേക്ഷിക്കാന്‍ വേണ്ടി കണ്ടെത്തിയിരിക്കുന്ന പുതിയ മാര്‍ഗമാണേ്രത ഈ ആചാരപാലനം.

സാമൂഹികപരമായും സാമ്പത്തികപരമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നാണ് ഇന്ന് ദേവദാസികളിലേറെയും ഉണ്ടാവുന്നത്. ക്ഷേത്രങ്ങളിലേക്ക് ദേവദാസികളായി സമര്‍പ്പിക്കപ്പെടുന്ന ഈ പെണ്‍കുട്ടികള്‍ അധികം വൈകാതെ സെക്‌സ് റാക്കറ്റിന്റെ ഇരകളായി വിപണിയിലേക്കെത്തുന്നതായാണ് അന്വേഷമ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

കുടുംബത്തിന്റെയും സമുദായപ്രമുഖരുടെയും ഒത്താശയും ആശീര്‍വാദവും നേടിയാണ് ഈ നീചകൃത്യം നടക്കുന്നത് എന്ന് കൂടി അറിയുമ്പോഴാണ് മനുഷ്യര്‍ എത്രമാത്രം തരംതാണവരായിപ്പോകുന്നു എന്ന് മനസ്സിലാകുക.

1982ലാണ് ദേവദാസിവൃത്തി നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നത്. എന്നാല്‍, നിയമം പാലിക്കപ്പെടുന്നതേയില്ലെന്നാണ് റിപ്പോര്‍ട്ട്. 2011നും 2017നുമിടയില്‍ ഈ നിയമത്തിന്‍കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വെറും നാല്! വില്ലേജ്, ജില്ലാ അധികാരികള്‍ പറയുന്നത് ഇത്തരം ദേവദാസികളാക്കല്‍ ചടങ്ങ് തങ്ങള്‍ അറിയുന്നതേയില്ലെന്നാണ്. ഏതെങ്കിലും തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട് കഴിഞ്ഞാലും ഇരകള്‍ക്ക് പുനരധിവാസം ഉറപ്പാക്കാനും അധികൃതര്‍ക്ക് കഴിയുന്നില്ല.

ലൈംഗികാതിക്രമത്തിനെതിരായ നിയമങ്ങളോ പോക്‌സോ വകുപ്പോ ജുവനൈല്‍ ജസ്റ്റിസ് ആക്ടോ ഒന്നും ഇവിടെ നടപ്പാകുന്നില്ല. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാരുകള്‍ പൂര്‍ണപരാജയമാണ് എന്നൊരു വസ്തുത കൂടി ഇതോടൊപ്പം വെളിപ്പെടുന്നുണ്ടെതും നാം കാണാതെ പോവരുത്.

Top