വീട്ടുതടങ്കലില്‍ കഴിയുന്ന ഒമര്‍ അബ്ദുള്ളയെ മറ്റൊരു സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റും

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍നിന്ന് മറ്റൊരു സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റും. ഗുപ്കര്‍ റോഡിലെ സര്‍ക്കാര്‍ വസതിയിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്രാന്‍സ്പോര്‍ട് ലെയ്നിലുള്ള അതിഥി മന്ദിരത്തില്‍ വീട്ടുതടങ്കലില്‍ തുടരും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ നടത്താനിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനം അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് ഒമര്‍ അബ്ദുള്ളയെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മുകശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളയുന്നതിന് മുന്നോടിയായാണ് മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേകാധികാരം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളഞ്ഞത് 2019 ഓഗസ്റ്റ് 5-ാം തീയതിയാണ്. അതിന് ഒരു ദിവസം മുമ്പേ, ഇവരെ വീട്ടുതടങ്കലിലാക്കിയിരുന്നു.ഇവരെ കൂടാതെ ജമ്മു കശ്മീരിലെ പ്രമുഖ നേതാക്കളെയും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെയും വിഘടനവാദി സംഘടനാ നേതാക്കളെയും സൈന്യം വീട്ടു തടങ്കലിലാക്കിയിരുന്നു.

അതിനിടെ,ഫാറൂഖ് അബ്ദുള്ളയെയും മകന്‍ ഒമര്‍ അബ്ദുളളയെയും ഉപാധികളോടെ മോചിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.സജീവ രാഷ്ട്രീയത്തില്‍ നിന്ന് താല്‍ക്കാലികമായി വിട്ട് നില്‍ക്കണമെന്ന ഉപാധിയോടെ മോചിപ്പിക്കാന്‍ നീക്കമുണ്ടെന്ന വിവരമാണ് പുറത്തുവന്നത്.

Top