ചന്ദ്രയാന്‍ 3യെ വഹിക്കുന്ന എൽവിഎം ത്രീ റോക്കറ്റ്; വിശദാംശങ്ങൾ

ൽവിഎം 3 അഥവാ ജിയോസിങ്ക്രണസ് ലോഞ്ച് വെഹിക്കിൾ എംകെ 3 എന്ന അത്യാധുനിക റോക്കറ്റാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബഹിരാകാശത്തേക്കു വഹിക്കുക. 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള റോക്കറ്റാണ് ഇത്. ഇസ്‌റോ ഇതുവരെ വികസിപ്പിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റ്കൂടിയാണ് എൽവിഎം 3. ജിഎസ്എൽവി മാർക് ത്രീ എന്നറിയപ്പെട്ടിരുന്ന ഈ റോക്കറ്റ് 2022 ഒക്ടോബറിലാണ് എൽവിഎം ത്രീ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. ബാഹുബലി എന്ന ചെല്ലപ്പേരിലും ഇതറിയപ്പെടാറുണ്ട്.

3 സ്‌റ്റേജുകളുള്ള ഈ റോക്കറ്റിന്റെ വിക്ഷേപണസമയത്തെ ഭാരം 640 ടണ്ണാണ്. ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 4000 കിലോയും ലോവർ എർത് ഓർബിറ്റിലേക്ക് 8000 കിലോയും ഭാരമെത്തിക്കാൻ കഴിവുള്ളതാണ് ഈ റോക്കറ്റ്. എൽവിഎം ത്രീയുടെ ഏറ്റവുമുയർന്ന സ്‌റ്റേജ് പ്രവർത്തിക്കുന്നത് ക്രയോജനിക് രീതിയിലാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ക്രയോജനിക് ഏൻജിനായ സി20 ആണ് ഈ സ്‌റ്റേജിലേക്ക് ഊർജം നൽകുന്നത്.2 എസ് 00 ഖര റോക്കറ്റ് ബൂസ്റ്ററുകൾ വിക്ഷേപണ സമയത്ത് ഊർജം നൽകുന്നതിനായി റോക്കറ്റിനൊപ്പമുണ്ട്.

എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ച് നേരത്തെയും വിവിധ ദൗത്യങ്ങൾ നടത്തിയിരുന്നു. ജിസാറ്റ് 19 ആശയവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇക്കൂട്ടത്തിൽ ഉൾപ്പെടും. ആസ്‌ട്രോസാറ്റ് എന്ന ജ്യോതിശാസ്ത്രജ്ഞ ഉപഗ്രഹം, ചന്ദ്രയാൻ 2 ദൗത്യം എന്നിവയെയും വഹിച്ചത് ഈ ഭീമൻ റോക്കറ്റാണ്. ഗഗൻയാൻ ദൗത്യത്തിനു വേണ്ടിയുള്ള കെയർ പരീക്ഷണം വഹിച്ചതും ഈ റോക്കറ്റായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ വൺവെബ് ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയുടെ 36 ഉപഗ്രഹങ്ങൾ എൽവിഎം ത്രീ ബഹിരാകാശത്ത് എത്തിച്ചിരുന്നു.

കോർ സ്‌റ്റേജ് എന്നറിയപ്പെടുന്ന റോക്കറ്റിന്റെ പ്രധാന സ്റ്റേജ് ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന 2 വികാസ് എൻജിനുകളാൽ നിർമിതമാണ്. 720 കിലോ ന്യൂട്ടൻ വരെ ഊർജം ഇതിനു പുറപ്പെടുവിക്കാൻ കഴിയും .2014 ഡിസംബർ 18ന് ആണ് ആദ്യമായി ഈ റോക്കറ്റ് ഉപയോഗിച്ചത്. 2962.78 കോടി രൂപയ്ക്കാണ് ഈ റോക്കറ്റിന്റെ വികസനം പൂർത്തീകരിച്ചത്.

Top