ക്രിമിനലുകളെ വെച്ച് വോട്ട് പിടിക്കണ്ട, അങ്ങനെയെങ്കില്‍ വിശദീകരണം നല്‍കണം

ന്യൂഡല്‍ഹി: ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ക്രിമിനല്‍ കേസുള്ള വ്യക്തികളെ മത്സരിപ്പിച്ചാല്‍ പാര്‍ട്ടികള്‍ വിശദീകരണം സാമൂഹ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന വിധിയുമായി സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളുടെ പേരില്‍ കേസുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, എന്തുക്കൊണ്ടാണ് അവരെ മത്സരിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളണ് പ്രസിദ്ധീകരിക്കേണ്ടത്.

പ്രാദേശിക പത്രങ്ങളിലും വെബ്‌സൈറ്റിലും ഇത്തരം വിശദീകരണങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം. കൂടാതെ 72 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണം.

യോഗ്യത നോക്കിയായിരിക്കണം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത് എന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാറുണ്ട്. എന്നാല്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കാറില്ല എന്നതാണ് വാസ്തവം.

രാഷ്ട്രീയപാര്‍ട്ടികള്‍ വിശദീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരാജയപ്പെടുകയോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിലും ക്രിമിനലുകളെ വെച്ച് വോട്ട് പിടിക്കുന്ന സാഹചര്യം പല രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയിരുന്നു.

Top