അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണവില കുറക്കാതെ കമ്പനികള്‍

ഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ മാര്‍ച്ചില്‍ 139 ഡോളര്‍ വരെ ഉയർന്ന ക്രൂഡ് ഓയില്‍ വില 84 ഡോളറായി താഴ്ന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍കൊണ്ട് 12 ഡോളറിന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍, ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന് ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ കുറക്കാന്‍ തയ്യാറായിട്ടില്ല.

അമേരിക്കയിലെ ഉയര്‍ന്ന നാണ്യപ്പെരുപ്പം നേരിടാന്‍ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതും ലോക സാമ്പത്തിക മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വവുമാണ് എണ്ണവില താഴാന്‍ കാരണം. മാന്ദ്യ ഭീതിയില്‍ എണ്ണയുടെ ഉപഭോഗം കുറഞ്ഞേക്കുമെന്ന വിലയിരുത്തലിലാണ് വില കുറയുന്നത്. എന്നാല്‍ എണ്ണവില കുറയുന്നുവെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ആനുപാതികമായി കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല.

വിനിമയ വിപണിയില്‍ രൂപ ദുര്‍ബലമായതും ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് വില കുറക്കാത്തതിനു കാരണമായി കമ്പനികള്‍ പറയുന്നത്. ഡോളര്‍ 82 രൂപയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചിലവ് കൂടുകയാണെന്നതാണ് എണ്ണക്കമ്പനികളുടെ പ്രധാന ന്യായം. കൂടാതെ മുന്‍കാലങ്ങളിലെ നഷ്ടം നികത്താന്‍ ഇപ്പോഴത്തെ ലാഭം ഉപയോഗിക്കുകയാണെന്നും ഇപ്പോള്‍ ഇന്ധന വില കുറച്ചാല്‍ തിരിച്ചടിയാകുമെന്നുമാണ് കമ്പനികളുടെ വിലയിരുത്തല്‍.

 

Top