സില്‍ക്യാര രക്ഷാദൗത്യം; കുടുങ്ങിയ ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി, ഇനി നേരിട്ടുള്ള തുരക്കല്‍

ഉത്തരകാശി: സില്‍ക്യാര ടണലില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം. പത്തു മീറ്റര്‍ കൂടിയാണ് ഇനി തുരക്കാനുള്ളത്. ഇതുകൂടി കഴിഞ്ഞാല്‍ തൊഴിലാളികളുടെ അടുത്തേക്ക് എത്താനാകും. ഇതിനായി പൈപ്പിലൂടെ യന്ത്ര സഹായമില്ലാതെയുള്ള തുരക്കല്‍ ഉടന്‍ തുടങ്ങും. തുരക്കുന്നതിനിടെ കുടുങ്ങിയ ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ ഉച്ചയോടെ പൂര്‍ണമായും നീക്കിയതോടെയാണ് വീണ്ടും നേരിട്ടുള്ള തുരക്കലിനുള്ള വഴിയൊരുങ്ങിയത്.

പൈപ്പില്‍ കുടുങ്ങിയിരുന്ന ഓഗര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി. പൈപ്പില്‍ തൊഴിലാളികള്‍ കയറിയായിരിക്കും തുരക്കല്‍ തുടങ്ങുക. ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലില്‍ എത്തി രക്ഷാദൗത്യം വിലയിരുത്തി. എന്നാല്‍ വിഐപി സന്ദര്‍ശനത്തിനിടെ തുരക്കാന്‍ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്.

ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പലദിവസങ്ങളിലായുള്ള ഇത്തരം വിവിഐപി, വിഐപി സന്ദര്‍ശനം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ, രക്ഷാദൗത്യത്തിന് ഏകോപനമില്ലെന്ന ആരോപണവും ശക്തമാണ്. രക്ഷാദൗത്യം ആരംഭിച്ച് 16 ദിവസമായിട്ടും തൊഴിലാളികളെ രക്ഷിക്കാനാകാത്തത് ഏകോപനമില്ലാത്തതുകൊണ്ടാണെന്നാണ് വിമര്‍ശനം.

Top