‘തിങ്ക് ഗ്ലോബല്‍, ആക്ട് ലോക്കല്‍’ ഡിസൈനിങില്‍ മികവ് തെളിയിച്ച് ടാറ്റ

ടാറ്റ മോട്ടോഴ്‌സിന്റെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം. 2016ല്‍ പുറത്തിറങ്ങിയ ടിയാഗോ ആണ് ഈ നിരയില്‍ ആദ്യമെത്തിയ വാഹനം. പിന്നീട് ഹെക്‌സ, ടിഗോര്‍ നെക്‌സണ്‍ എന്നീ മോഡലുകളിലേക്ക് ഈ ഡിസൈന്‍ പരീക്ഷിച്ചു. ഇതിനും വാഹന പ്രേമികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ടാറ്റയുടെ ഡിസൈന്‍ വിഭാഗത്തിന് നേതൃത്വം കൊടുത്തത് പ്രതാപ് ബോസായിരുന്നു. ‘തിങ്ക് ഗ്ലോബല്‍, ആക്ട് ലോക്കല്‍’ എന്ന ആശയത്തിന്റെ അകമ്പടിയോടെയാണ് ഡിസൈനിങ്. 12 രാജ്യങ്ങളില്‍ നിന്നുള്ള 170 അംഗങ്ങള്‍ അടങ്ങുന്ന ഡിസൈന്‍ ടീം പുണെ, യുകെയിലെ കാവെന്‍ട്രി, ഇറ്റലിയിലെ ടൂറിന്‍ എന്നിവിടങ്ങളില്‍ ടാറ്റയ്ക്കുള്ള ഡിസൈനിങ് സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ചാണ് ഉപഭോക്തൃ താല്പര്യങ്ങളും ആഗോള കാഴ്ചപ്പാടുകളും എന്നിവ സമന്വയിപ്പിച്ച് വാഹനലോകത്തെ അവാര്‍ഡ് വിന്നിങ് ഡിസൈനായ ഇംപാക്ടിന് രൂപം നല്‍കിയത്.

2018 ജനുവരിയോടെ ഡിസൈന്റെ രണ്ടാം ഘട്ടമായ ഇംപാക്ട് 2.0 അവതരിപ്പിച്ചു. 3 എക്സ്റ്റീരിയര്‍ പ്രത്യകതകള്‍, 3 ഇന്റീരിയര്‍ സവിശേഷതകള്‍ എന്നിവയ്ക്ക് പുതിയ ഡിസൈന്‍ പ്രാധാന്യം നല്‍കുന്നു. ഈ ഡിസൈനില്‍ ആദ്യമായി നിരത്തിലെത്തിയത് ടാറ്റ ഹാരിയര്‍ ആണ്.

ടാറ്റയുടെ നെക്‌സോണ്‍ മോഡല്‍ സുരക്ഷയില്‍ ആദ്യമായി 5 സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്ന രാജ്യത്തെ ആദ്യ കാറായതോടെ ഇംപാക്ട് ഡിസൈന്‍ വാഹന സുരക്ഷയ്ക്കു നല്‍കുന്ന പ്രാധാന്യവും വ്യക്തമായി. വരാനിരിക്കുന്ന പ്രീമിയം ഹാച്ബാക് മോഡലായ അള്‍ട്രോസ്, 7 സീറ്റര്‍ എസ്.യു.വി, സബ് കോംപാക്ട് എസ്.യു.വി എന്നിവയിലും പുതിയ ഡിസൈന്‍ ഭാഷയുടെ സവിശേഷതകള്‍ കാണാം.

Top