ചൂടന്‍ ഇഡ്‌ലിയും, സാമ്പാറും ബഹിരാകാശത്ത് എത്തും; ഗഗന്‍യാന്‍ സഞ്ചാരികള്‍ക്ക് ‘ഫുഡ്’ റെഡി

ഡ്‌ലിസാമ്പാര്‍, ഉപ്പുമാവ്, തേങ്ങാച്ചമ്മന്തി… ഇതൊക്കെ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന വിഭവങ്ങളാണ്. എന്നാല്‍ ഇതൊന്നും ലഭിക്കാത്ത സ്ഥലത്ത് പോയി പെട്ടാല്‍ ദോശയും, ഇഡ്‌ലിയുമൊക്കെ കഴിക്കാന്‍ ആരുമൊന്ന് കൊതിക്കും. അങ്ങിനെയുള്ളപ്പോള്‍ അങ്ങ് ബഹിരാകാശത്തേക്ക് പറന്നാല്‍ ഇതൊക്കെ എങ്ങിനെ കഴിക്കാന്‍ പറ്റും?

എന്തായാലും ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളായ ഗഗന്‍യാന്‍ ടീമിന് ഈയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ബഹിരാകാശ പദ്ധതിയില്‍ സഞ്ചാരികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണപ്പൊതികള്‍ മൈസൂരുവില്‍ നിന്നുള്ള ലാബാണ് തയ്യാറാക്കുന്നത്.

ഗുരുത്വാകര്‍ഷണം ഇല്ലാത്ത സ്ഥലങ്ങളില്‍ ദ്രവ്യപദാര്‍ത്ഥങ്ങള്‍ കുടിക്കാന്‍ ആവശ്യമായ പ്രത്യേക കണ്ടെയ്‌നറുകളാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് സഞ്ചാരികളെ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി മൂന്നാം ആഴ്ച ഇവര്‍ക്കുള്ള പരിശീലനം റഷ്യയില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ വ്യക്തമാക്കിയിരുന്നു.

ദൗത്യത്തില്‍ വനിതാ സഞ്ചാരികളെയും ഉള്‍പ്പെടുത്താന്‍ പദ്ധതിയുള്ളതായി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുത്ത നാല് പേരില്‍ വനിത ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ബഹിരാകാശ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. 2019ല്‍ ആറ് ലോഞ്ച് വെഹിക്കിള്‍ മിഷനുകളും, ഏഴ് സാറ്റലൈറ്റ് ദൗത്യങ്ങളുമാണ് ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കിയത്.

Top