ആദ്യം രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെയ്ക്കൂ; ഗവര്‍ണര്‍ക്കെതിരെ സിപിഎം മുഖപത്രം

തിരുവനന്തപുരം: പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനസര്‍ക്കാര്‍ നടപടിയെ അടക്കം തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്തെത്തിയ കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി.

പദവിയുടെ വലിപ്പം തിരിച്ചറിയാത്തവിധം രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. സര്‍ക്കാരുമായുണ്ടായ തെറ്റിദ്ധാരണ ഗവര്‍ണര്‍ വിവാദമാക്കുകയുമാണെന്നും മുഖപത്രത്തില്‍ പറയുന്നു.

സര്‍ക്കാരിന്റെ എല്ലാ തീരുമാനവും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനേ കഴിയില്ല.രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെച്ച് സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ടെന്നും എഡിറ്റോറിയയില്‍ പറയുന്നു.

രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയതാണെന്നും മുഖപ്രസംഗം പരിഹസിച്ചു.

Top