ഡെസേര്‍ട്ട് ഫ്‌ളാഗ് സിക്‌സില്‍ പങ്കെടുക്കാന്‍ ഒരുങ്ങി ഇന്ത്യ

ഡല്‍ഹി: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കാന്‍ തയ്യാറായായി ഇന്ത്യന്‍ വ്യോമസേന. യുഇഎ നേതൃത്വത്തില്‍ നടക്കുന്ന ഡെസേര്‍ട്ട് ഫ്‌ളാഗ്  6 എന്ന് പേരിട്ട അഭ്യാസ പ്രകടനത്തിലാണ് ആദ്യമായി ഇന്ത്യന്‍ വ്യോമസേനയും പങ്കെടുക്കുന്നത്. യുഎഇക്കും ഇന്ത്യക്കും പുറമെ, യുഎസ്, ഫ്രാന്‍സ്, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ വ്യോമസേനകളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നു. മാര്‍ച്ച് 3 മുതല്‍ 21 വരെ യുഎിയിലെ അല്‍-ദാഫ്ര എയര്‍ബേസിലാണ് അഭ്യാസ പ്രകടനങ്ങളും പരിശീലനം നടക്കുന്നത്.

യുഎഇ വ്യോമസേന ആതിഥേയത്വം വഹിക്കുന്ന മള്‍ട്ടി-നാഷണല്‍ ലാര്‍ജ് ഫോഴ്സ് എംപ്ലോയ്മെന്റ് യുദ്ധ പരിശീലനമാണ് ഡെസേര്‍ട്ട് ഫ്‌ളാഗ്.എല്ലാ വര്‍ഷവും ഇത് നടത്തി വരുന്നു. ഇന്ത്യയുടെ ആറ് സുഖോയ്-30 എം.കെ.ഐ വിമാനങ്ങളും രണ്ട് സി-17 ഗ്ലോബ് മാസ്റ്റര്‍ -3 വിമാനങ്ങളും 125 സേനാംഗങ്ങളും അഭ്യാസത്തിലും പരിശീലനത്തിലും പങ്കെടുക്കുമെന്ന് വ്യോമസേന അറിയിച്ചു. അമേരിക്കയുടെ എഫ്-15, എഫ്-16, ഫ്രാന്‍സിന്റെ റഫേലും മിറാഷ്-2000, റഷ്യയുടെ സുഖോയി എന്നീ വിമാനങ്ങളാണ് പങ്കെടുക്കുന്നത്.

 

Top