ജോര്‍ജ് ഫ്‌ളോയ്ഡ് വധക്കേസിലെ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വര്‍ഷം തടവ്

മിനിയാപൊളിസ്: ജോര്‍ജ് ഫ്‌ളോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വര്‍ഷം തടവ് വിധിച്ചു. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്‌ളോയിഡിന്റെ ഭരണഘടന അവകാശങ്ങള്‍ നിഷേധിച്ചതിനെതിരായ കേസുകള്‍ ഫെഡറല്‍ കോടതിയില്‍ തുടരും.

ഷോവിന്റേത് അതിക്രൂരമായ നടപടിയാണെന്ന് ജഡ്ജി വ്യക്തമാക്കി. വിധി ജനവികാരം കൊണ്ടോ സഹതാപം കൊണ്ടോ ഉള്ളതല്ല, മറിച്ച് അസാധാരണമായ ക്രൂരതയുടെ വിധിയാണ് ഇതെന്നും 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഡെറിക് ഷോവിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

2020 മേയ് 25നായിരുന്നു ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസുകാരന്‍ ഫ്‌ളോയ്ഡിനെ നിലത്തേക്ക് തള്ളിയിടുകയും, കാല്‍മുട്ടുകൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ശ്വാസം കിട്ടാതെ മരിച്ച രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിഷേധമാണ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് ശേഷം അരങ്ങേറിയത്.

Top