അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുത്ത ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് വധഭീഷണി

കോഴിക്കോട്: അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയെടുത്ത ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് വധഭീഷണി. കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ എം ബിജുവിനെയാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയ നാലുപേരെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചു. കോഴിക്കോട് നരക്കോട് എടപ്പങ്ങാട്ടു മീത്തലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ എം ബിജുവിന്റെ വീട്ടിലെ ഗേറ്റ് തകര്‍ത്ത് അകത്തുകയറിയായിരുന്നു വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ബാലുശ്ശേരി എരമംഗലം സ്വദേശി പ്രകാശന്‍, കൊക്കല്ലൂര്‍ പെരിയപറമ്പത്ത് രജീഷ്, സജീഷ്, സുബിലേഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസെത്തുന്നത് കണ്ട് രക്ഷപ്പടൊന്‍ ശ്രമിച്ചെങ്കിലും ഇവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കഴിഞ്ഞയാഴ്ച കാഞ്ഞിക്കാവില്‍ അനധികൃത മണ്ണുഖനനം ഇ എം ബിജു തടഞ്ഞ് ജെസിബിയുള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് ഭീഷണിക്ക് കാരണമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പറഞ്ഞു.

വണ്ടിപിടിച്ചാല്‍ ആക്രമിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും ബിജു പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളുടെ നേതൃത്വത്തിലുളള സംഘമാണ് ഭീഷണിപ്പെടുത്തിയതത്. വടകര ആര്‍ഡിഒ സി ബിജുവിന്റെ നേതൃത്വത്തിലുളള സംഘം ഡെപ്യൂട്ടി തഹസില്‍ദാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍നടപടികള്‍ കര്‍ശനമാക്കാന്‍ ആര്‍ഡിഒ പൊലീസിന് നിര്‍ദേശം നല്‍കി.

Top